അജിത്പാൽ സിംഗ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ വെബ് സിരീസില്‍ പ്രധാന കഥാപാത്രമാവുക പാര്‍വതി തിരുവോത്ത്. നിര്‍മ്മാണം ഉടന്‍ ആരംഭിക്കും

അഭിനേത്രി എന്ന നിലയില്‍ തന്‍റെ പ്രതിഭ മുന്‍പ് പലകുറി തെളിയിച്ചിട്ടുള്ള ആളാണ് പാര്‍വതി തിരുവോത്ത്. മലയാളത്തില്‍ എണ്ണത്തില്‍ കുറവ് ചിത്രങ്ങളാണ് പാര്‍വതിക്ക് സമീപകാലത്ത് ലഭിച്ചിട്ടുള്ളതെങ്കിലും ഉള്ളൊഴുക്കും പുഴുവും അടക്കമുള്ള കാമ്പുള്ള ചിത്രങ്ങളും കഥാപാത്രങ്ങളുമുണ്ട് അക്കൂട്ടത്തില്‍. തങ്കലാന്‍ അടക്കമുള്ള മറുഭാഷാ സിനിമകളിലും സിരീസുകളിലും പാര്‍വതി ഭാഗമായിട്ടുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഒരുപക്ഷേ കരിയറിലെ ഏറ്റവും വലിയ അവസരമെന്ന് വിളിക്കാവുന്ന ഒരു റോള്‍ പാര്‍വതിയെ തേടി എത്തിയിരിക്കുകയാണ്. ആഗോള പ്രേക്ഷകരെ മുന്നില്‍ കണ്ട് ഒരുങ്ങുന്ന വെബ് സിരീസിലെ പ്രധാന വേഷമാണ് അത്.

ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ പ്രമുഖ പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന സിരീസിലാണ് പാര്‍വതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫിലിംക്രാഫ്റ്റ് പ്രൊഡക്ഷന്‍സിന്‍റെ ഉപവിഭാഗമായ എച്ച്ആര്‍എക്സ് ഫിലിംസിന്‍റെ ബാനറിലാണ് നിര്‍മ്മാണം. ഒടിടി പ്ലാറ്റ്‍ഫോമില്‍ നിര്‍മ്മാതാവ് എന്ന നിലയില്‍ ഹൃത്വിക് റോഷന്‍റെ അരങ്ങേറ്റവുമാണ് ഈ ചിത്രം. സ്റ്റോം എന്ന് പേരിട്ടിരിക്കുന്ന സിരീസ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. മുംബൈയാണ് കഥ നടക്കുന്ന പശ്ചാത്തലം.

Scroll to load tweet…

അജിത്പാല്‍ സിംഗ് ക്രിയേറ്ററും സംവിധായകനുമായ സിരീസിന്‍റെ രചന അജിത്പാലിനൊപ്പം ഫ്രാന്‍സ്വ ലുണേല്‍, സ്വാതി ദാസ് എന്നിവര്‍ ചേര്‍ന്നാണ്. പാര്‍വതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിരീസില്‍ അലയ എഫ്, സൃഷ്ടി ശ്രീവാസ്തവ, രാമ ശര്‍മ, സബ ആസാദ് എന്നിവരും മുഖ്യ വേഷങ്ങളില്‍ എത്തുന്നു. ഒടിടിയില്‍ ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ അരങ്ങേറ്റം കുറിച്ചാനുള്ള ഏറ്റവും മികച്ച അവസരമാണ് സ്റ്റോം തനിക്ക് മുന്നിലേക്ക് വച്ചതെന്ന് ഹൃത്വിക് റോഷന്‍ പറയുന്നു.

അസംസ്കൃതമായ, നിരവധി അടരുകളുള്ള, പവര്‍ഫുള്‍ ആയ, കണ്ടാല്‍ നാം മറക്കാത്ത കഥാപാത്രങ്ങളാണ് സിരീസിലേത്. ഗംഭീര അഭിനേതാക്കളാണ് അവരെ അവതരിപ്പിക്കുന്നതും. ഇന്ത്യന്‍ പ്രേക്ഷകരെ മാത്രമല്ല ആഗോള പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള മരുന്നും ഈ വെബ് സിരീസില്‍ ഉണ്ട്. ലോകം മുഴുവനുമുള്ള പ്രേക്ഷകര്‍ ഇത് കാണുന്നതിനായുള്ള കാത്തിരിപ്പിലാണ് ഞാന്‍, ഹൃത്വിക് റോഷന്‍ സിരീസിനെക്കുറിച്ച് പ്രതികരിച്ചു. ആമസോണ്‍ പ്രൈം വീഡിയോയും ഏറെ പ്രാധാന്യത്തോടെയാണ് ഈ സിരീസിനെ കാണുന്നത്. നിര്‍മ്മാണം വൈകാതെ ആരംഭിക്കാനിരിക്കുന്ന സിരീസിന്‍റെ റിലീസ് തീയതി പിന്നീട് പ്രഖ്യാപിക്കും.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്