കൊച്ചി: രോഗശാന്തി ശുശ്രൂഷയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെയും വിശ്വാസികളെ ചൂഷണം ചെയ്ത് നടക്കുന്ന തട്ടിപ്പുകളെയും തുറന്നുകാട്ടിയ അന്‍വര്‍ റഷീദ്- ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സിനെതിരെ വിമര്‍ശനവുമായി പാസ്റ്റര്‍ രംഗത്ത്. സിനിമയുടെ അഭിനേതാക്കളെയും അണിയറ പ്രവർത്തകര്‍ക്കും മോശം കാലം വരുമെന്ന് പറയുന്ന പാസ്റ്റര്‍ കെ എ എബ്രഹാമിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സിനിമയെടുക്കാന്‍ കഥ ഇല്ലാതായതു കൊണ്ടാണ് പാസ്റ്റേഴസിനെ മോശക്കാരാക്കി സിനിമ എടുക്കുന്നതെന്നും ഇങ്ങനെ ഒരു സിനിമ എടുത്തത് കൊണ്ട്  യേശുവിന് ഒന്നും പറ്റില്ലെന്നും പാസ്റ്റർ പറയുന്നു. ത്രിവര്‍ണ പതാകയെ ഉപമിച്ച് പാസ്റ്റര്‍ നേരത്തെ നടത്തിയ വീഡിയോയും വൈറലായിരുന്നു.

ജീവനോടെ ഇല്ലാത്ത ദിനോസറിന്റെ പേരില്‍ സിനിമയെടുത്ത് സംവിധായകന്‍ കുറേ കാശുണ്ടാക്കി. സിനിമയെടുക്കാന്‍ കഥ ഇല്ലാത്തത് കൊണ്ടാണ് പാസ്റ്റേഴ്‌സിനെ വിഷയമാക്കി സിനിമ ചെയ്യുന്നതെന്ന് പാസ്റ്റര്‍ പറയുന്നു.  'സിനിമയ്ക്ക് പേരിടാന്‍ അറിയില്ലെങ്കില്‍ ഞങ്ങള്‍ ഇട്ട് തരാം സാറേ പേര്.  ഈ പെന്തക്കോസ്തിന്റെ സഭകളില്‍, ലക്ഷങ്ങള്‍ കോടികള്‍ ഇത് വരെ വന്നിട്ടില്ല. കസാന്ത് സാക്കിസ് എന്ന ഞരമ്പുരോഗി  യേശുക്രിസ്തുവിന്റെ ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന നോവലെഴുതി യേശുവിന് എന്ത് ചുക്ക് ആണ് പറ്റിയത്. യേശുവിനൊന്നും പറ്റിയില്ലെങ്കില്‍ ഇതുകൊണ്ട് നമുക്കും ഒന്നും പറ്റില്ലെന്ന് പാസ്റ്റര്‍ പറയുന്നു. 

സിനിമ എടുത്തവര്‍ക്കും കഴിച്ചവര്‍ക്കും അഭിനയിച്ചവര്‍ക്കും ഇനി സുഖമാണ്. കോടിക്കണക്കിന് ജനങ്ങളാണ് പ്രാര്‍ത്ഥിക്കാന്‍ പോകുന്നത്. തമ്പുരാന്റെ കൃപ അതിന്റെ മേല്‍ വ്യാപരിക്കും. ഈ സിനിമക്ക് മേല്‍ ദൈവ പ്രവര്‍ത്തി വെളിപ്പെടുന്നതോടെ കാര്യങ്ങള്‍ മനസിലാകുമെന്നും പാസ്റ്റര്‍ കെ എ എബ്രഹാം വീഡിയോയില്‍ പറയുന്നു. പാസ്റ്റര്‍ ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ വിശ്വാസികള്‍ ആവേശം കൊള്ളുന്നത് വീഡിയോയില്‍ കാണാം.

"

ഏഴ് വർഷത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ഫഹദ് നായകനായെത്തിയ ട്രാന്‍സ്. വിന്‍സന്‍റ് വടക്കന്‍ തിരക്കഥ രചിച്ച ചിത്രത്തില്‍  നസ്റിയ നസീം, ഗൗതം മേനോൻ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, വിനായകൻ, ചെമ്പൻ വിനോദ് ജോസ് തുടങ്ങി ഒട്ടേറെ താരങ്ങൾ അണി നിരന്നിരുന്നു. രോഗശാന്തി ശുശ്രൂഷയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെയും വിശ്വാസികളെ ചൂഷണം ചെയ്ത് നടക്കുന്ന തട്ടിപ്പുകളെയും തുറന്നുകാട്ടിയ സിനിമക്കെതിരെ വിവധകോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ദേശീയപതാകയെ ഉപമിച്ച് പാസ്റ്റര്‍ നടത്തിയ വീഡിയോ