തിയറ്ററില്‍ വിജയിക്കാതെ പോയ മോഹന്‍ലാല്‍-മമ്മൂട്ടി ചിത്രം 'പേട്രിയറ്റ്' ഒടിടിയിലും സമ്മിശ്ര പ്രതികരണം നേടുകയാണ്
മലയാളത്തില്‍ ഈ വര്‍ഷത്തെ റിലീസുകളില്‍ വമ്പന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു പേട്രിയറ്റ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് എത്തുന്നു എന്നതായിരുന്നു ചിത്രത്തിന്‍റെ പ്രധാന യുഎസ്‍പി. ഒപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, രേവതി എന്നിങ്ങനെ നീളുന്ന തിളക്കമേറിയ സപ്പോര്‍ട്ടിംഗ് കാസ്റ്റും. എന്നാല്‍ ചിത്രത്തിന് അണിയറക്കാര്‍ പ്രതീക്ഷിച്ചിരുന്ന രീതിയിലുള്ള പ്രതികരണങ്ങല്ല ലഭിച്ചത്. സൂപ്പര്‍താരങ്ങള്‍ ഒരുമിച്ചെത്തിയപ്പോള്‍ ബഹുഭൂരിപക്ഷം പ്രേക്ഷകരും പ്രതീക്ഷിച്ചത് മറ്റെന്തോ ആയിരുന്നു. അതേസമയം റിലീസിന് മുന്‍പ് താരങ്ങള്‍ക്കല്ല, മറിച്ച് പറയുന്ന വിഷയത്തിന് പ്രാധാന്യമുള്ള സിനിമയാണ് ഇതെന്ന് അണിയറക്കാര്‍ പലകുറി പറഞ്ഞിരുന്നതുമാണ്. ഏതായാലും തിയറ്ററില്‍ വിജയം നേടാതെപോയ ചിത്രത്തിന്‍റെ ഒടിടി റിലീസ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു.
തിയറ്ററില്‍ ലഭിച്ചതിനേക്കാള്‍ ഭേദമാണെങ്കിലും ഒടിടി റിലീസിന് ശേഷവും സമ്മിശ്ര പ്രതികരണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തെക്കുറിച്ച് പോസിറ്റീവ് ആയ പ്രതികരണങ്ങളില്‍ പലതും വരുന്നത് മറുഭാഷാ പ്രേക്ഷകരില്‍ നിന്നുമാണ്. ഒരു തമിഴ് സോഷ്യല്‍ മീഡിയ പേജില്‍ വന്ന ഒരു പോസ്റ്റ് ഈ തരത്തില്‍ സിനിമാപ്രേമികളുടെ വലിയ ശ്രദ്ധ നേടുന്നുമുണ്ട്. അത് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ പരിഹസിക്കപ്പെട്ട ഒറു രംഗം ആണെന്നതാണ് കൗതുകം.
മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം കുഞ്ചാക്കോ ബോബന്‍ കൂടി പങ്കെടുക്കുന്ന ഒരു കാര്‍ ചേസ് സീന്‍ പേട്രിയറ്റില്‍ ഉണ്ട്. മമ്മൂട്ടിയുടെ അവശനായ ഡോ. ഡാനിയല്‍ ജെയിംസിനെയും കൊണ്ട് പോവുകയാണ് മോഹന്‍ലാലിന്‍റെ കേണല്‍ റഹിം നായികും കുഞ്ചാക്കോ ബോബന്‍റെ മൈക്കിള്‍ ദൈവസിയും. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ച ഈ കാര്‍ ചേസ് രംഗത്തില്‍ പക്ഷേ ഇവര്‍ മരണത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നാണ് മലയാളി പ്രേക്ഷകരില്‍ വലിയൊരു വിഭാഗത്തിന്റെ ആവലാതി. അതേസമയം പ്രസ്തുത തമിഴ് പേജിലെ പോസ്റ്റില്‍ ഈ സീന്‍ ദൃശ്യപരമായി എക്സിക്യൂട്ട് ചെയ്തിരിക്കുന്നതിന്‍റെ മികവാണ് എടുത്ത് പറയുന്നത്.
ഈ സീനിന്‍റെ ഛായാഗഹണ മികവും അസാധ്യമെന്ന് തോന്നിപ്പിക്കുന്ന ക്യാമറാ മൂവ്മെന്‍റുകളുമൊക്കെയാണ് പോസ്റ്റില്‍ സൂചിപ്പിക്കുന്നത്. ഈ ക്യാമറ ആംഗിള്‍ ഒക്കെ എങ്ങനെയാണ് എടുത്തത് സാര്‍ എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്. വേറ ലെവല്‍ മീംസ് എന്ന തമിഴ് ഇന്‍സ്റ്റ പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തഗ്സ് ഓഫ് ഹിന്ദുസ്ഥാനും ഡങ്കിയും (മറ്റ് രണ്ട് പേര്‍ക്കൊപ്പം) അടക്കമുള്ള ബോളിവുഡ് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച മനുഷ് നന്ദന്‍ ആണ് പേട്രിയറ്റിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

