മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.

മലയാളസിനിമയിൽ ചരിത്രമെഴുതാനൊരുങ്ങുന്ന പേട്രിയറ്റിന് പാക്കപ്പ്. മമ്മൂട്ടിയും മോഹൻലാലും പത്തൊമ്പതുവർഷത്തിനുശേഷം ഒരുമിക്കുന്ന ഈ സിനിമ മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റിന് വെള്ളിയാഴ്ച കൊച്ചിയിൽ പാക്കപ്പ് ആയത്. മമ്മൂട്ടിയുടെ സീനുകളാണ് പാക്കപ്പ് ദിനത്തിൽ ചിത്രീകരിച്ചത്.

ടേക്ക് ഓഫ്,മാലിക് എന്നീസിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ താരനിരയാണ്. ട്വന്റി 20 ക്ക് ശേഷം മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം ഇതിൽ ഒന്നിക്കുന്നു. മമ്മൂട്ടിക്കും മോഹൻലാലിനും പുറമേ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ.

ഇവരെക്കൂടാതെ ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് തുടങ്ങിയവർക്കൊപ്പം മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു പേട്രിയറ്റിന്റെ ഷൂട്ടിങ്. ഇന്ത്യയിലെ വൻന​ഗരങ്ങളായ ഡൽഹി,മുംബൈ,ഹൈദ്രാബാദ്,കൊച്ചി എന്നിവിടങ്ങളാണ് ഈ സിനിമയ്ക്ക് ലൊക്കേഷനായത്.

2024 നവംബർ ശ്രീലങ്കയിലാണ് പേട്രിയറ്റിന് തുടക്കമായത്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന 'പേട്രിയറ്റ്', അന്താരാഷ്ട്രനിലവാരമുള്ള സ്പൈ ത്രില്ലറായിരിക്കും മലയാളത്തിന് സമ്മാനിക്കുക. ചിത്രത്തിന്റെ ടീസറിന് വലിയ വരവേല്പാണ് പ്രേക്ഷകർ നല്കിയത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നും ടീസർ സൂചന നൽകുന്നു.

മലയാളസിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികമേന്മയോടെ തിയേറ്ററുകളിലെത്താനൊരുങ്ങുന്ന പേട്രിയറ്റിന്റെ ക്യാമറ മനുഷ് നന്ദനാണ്. സം​ഗീതം സുഷിൻ ശ്യാം. ചിത്രത്തിന്റെ രചന സംവിധായകൻ മഹേഷ് നാരായണന്റേതാണ്. അദ്ദേഹവും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിങ്. 2026 ഏപ്രിലിലാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിട്ടുള്ളത്.

YouTube video player