Paul Thomas Anderson's 'One Battle After Another' shines at the Oscars; wins 5 awards. പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' 98-ാമത് ഓസ്കറിൽ അഞ്ച് പുരസ്കാരങ്ങൾ നേടി.
98-ാമത് ഓസ്കറിൽ തിളങ്ങി പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ'. മികച്ച ചിത്രം, മികച്ച സംവിധാനം, അവലംബിത തിരക്കഥ, എഡിറ്റിങ്, സഹനടൻ, കാസ്റ്റിങ് എന്നീ വിഭാഗങ്ങളിലായി ആറ് പുരസ്കാരങ്ങൾ ചിത്രം സ്വന്തമാക്കിയത്. ലിയോണാർഡോ ഡി കാപ്രിയോയാണ് ചിത്രത്തിൽ നായകനായി എത്തിയത്. നേരത്തെ പതിനൊന്ന് ഓസ്കർ നോമിനേഷനുകൾ ലഭിച്ച പോൾ തോമസ് ആൻഡേഴ്‌സന്റെ ആദ്യ ഓസ്കർ നേട്ടം കൂടിയാണിത്. മികച്ച ചിത്രം, മികച്ച അവലംബിത തിരക്കഥ, മികച്ച സംവിധായകൻ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് പോൾ തോമസ് ആൻഡേഴ്‌സന്റെ പുരസ്‌കാര നേട്ടം. നേരത്തെ ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിലും വൺ ബാറ്റിൽ ആഫ്റ്റർ അനദർ തിളങ്ങിയിരുന്നു.
സെപ്റ്റംബർ 26 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഈ വർഷത്തെ മികച്ച സിനിമകളിൽ ഒന്നാണ് വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്നായിരുന്നു പ്രേക്ഷക- നിരൂപക പ്രതികരണങ്ങൾ. ആക്ഷൻ ത്രില്ലർ ഴോണറിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സിനിമയുടെ തിരക്കഥയും നിർമ്മാണവും പോൾ തോമസ് ആൻഡേഴ്സൺ തന്നെയാണ്. ഷോൺ പെൻ, ബെനീസിയോ ഡെൽ ടോറോ, റെജീന ഹാൾ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. ബൂഗി നൈറ്റ്സ്, മാഗ്‌നോളിയ, ദേർ വിൽ ബി ബ്ലഡ്, ദി മാസ്റ്റർ, ഫാന്റം ത്രെഡ് തുടങ്ങീ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ മികച്ച ചിത്രങ്ങൾ ലോകസിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് പോൾ തോമസ് ആൻഡേഴ്സൺ. ഡികാപ്രിയോയുമായി പോൾ തോമസ് ആൻഡേഴ്സൺ ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയായിരുന്നു വൺ ബാറ്റിൽ ആഫ്റ്റർ അനദർ.


