സൂപ്പര്‍താരത്തിന്റെ നടപടി സ്വന്തം തീരുമാനപ്രകാരമാണ്.

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഹരി ഹര വീര മല്ലു. ഹരി ഹര വീര മല്ലു ജൂണ്‍ 12നാണ് റിലീസ് ചെയ്യുക എന്ന് പ്രഖ്യാപിച്ചെങ്കിലും അനിശ്ചിതമായി നീളാനാണ് സാധ്യത എന്നാണ് പുതിയ റിപ്പോര്‍ട്ട്. വിഎഫ്എക്സ് ജോലികള്‍ പൂര്‍ത്തിയാകാത്തതും സാമ്പത്തിക പ്രതിസന്ധിയുമാണ് കാരണം എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനിടെ സാഹചര്യം മനസ്സിലാക്കി പ്രതിഫലത്തില്‍ നിന്ന് 11 കോടിയുടെ അഡ്വാൻസ് തിരിച്ചുനല്‍കാൻ നായകൻ പവൻ കല്യാണ്‍ തീരുമാനിച്ചുവെന്നുമാണ് പുതിയ റിപ്പോര്‍ട്ട്.

കൃഷ് ജഗര്‍ലമുഡിയും ജ്യോതി കൃഷ്‍യുമാണ് സംവിധാനം ചെയ്യുന്നത്. നിധി അഗര്‍വാളാണ് നായികയായി എത്തുന്നത്. ജ്ഞാന ശേഖര്‍ വി എസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഹരി ഹര വീര മല്ലു സിനിമയുടെ ആക്ഷന് നിക്ക് പവല്‍ ആണ്.

ചിത്രം 200 കോടി ബജറ്റില്‍ നിര്‍മിക്കുന്നത് എ ദയകര്‍ റാവുവാണ്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എം എം കീരവാണിയാണ് സംഗീത സംവിധാനം നിര്‍വഹിക്കുക. അര്‍ജുൻ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവരും ഹരി ഹര വീര മല്ലുവില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

'ഭീംല നായക്' ആയിരുന്നു ഒടുവില്‍ താരത്തിന്റെതായി പ്രദര്‍ശനത്തിനെത്തിയത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കായിരുന്നു 'ഭീംല നായക്'. 'ഭീംല നായക്' എന്ന ചിത്രം സംവിധാനം ചെയ്‍തത് സാഗര്‍ കെ ചന്ദ്രയാണ്. സൂര്യദേവര നാഗ വംശിയാണ് നിര്‍മാതാവ്. സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറിലാണ് നിര്‍മാണം. സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. പവന്‍ കല്ല്യാണ്‍ ബിജു മേനോന്‍റെ 'അയ്യപ്പന്‍ നായര്‍' എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുമ്പോള്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തെയാണ് റാണ ദഗുബാട്ടി അവതരിപ്പിച്ചത്. നിത്യ മേനോൻ ആണ് ചിത്രത്തില്‍ പവൻ കല്യാണിന്റെ നായികയായി എത്തിയത്. ചിത്രത്തിന് രവി കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിച്ചു. റാം ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി. രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്‍ത 'അയ്യപ്പനും കോശി'യുമെങ്കില്‍ തെലുങ്കില്‍ പവന്‍ കല്യാണിന്‍റെ കഥാപാത്രത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക