കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനിടെ ഡയക്ട് ഒടിടി റിലീസിന് തയ്യാറാവുകയാണ് പല നിര്‍മ്മാതാക്കളും. ജ്യോതിക നായികയായ തമിഴ്‍ ചിത്രം പൊന്മകള്‍ വന്താല്‍ ദിവസങ്ങള്‍ക്കു മുന്‍പ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്‍തിരുന്നു. ഇപ്പോഴിതാ കീര്‍ത്തി സുരേഷ് നായികയാവുന്ന തമിഴ് ചിത്രം പെന്‍ഗ്വിനും അതിന്‍റെ ഡയറക്ട് ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ റിലീസ് ആമസോണ്‍ പ്രൈം വഴിയാണെന്ന വിവരം നേരത്തെ പുറത്തെത്തിയിരുന്നു.

സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബഞ്ച് ഫിലിംസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കാര്‍ത്തിക് തന്നെയാണ് ചിത്രത്തിന്‍റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 19നാണ് ചിത്രത്തിന്‍റെ ഡയറക്ട് ഒടിടി റിലീസ്. തമിഴ്, തെലുങ്ക് ഭാഷകളെ കൂടാതെ മലയാളം മൊഴിമാറ്റ പതിപ്പും ആമസോണ്‍ പ്രൈമിലൂടെ കാണാനാവും.

കീര്‍ത്തി സുരേഷ് നായികയാവുന്ന ചിത്രത്തില്‍ മദംപട്ടി രംഗരാജ്, ലിംഗ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് നാരായണന്‍റേതാണ് സംഗീതം. ഛായാഗ്രഹണം കാര്‍ത്തിക് പളനി. എഡിറ്റിംഗ് അനില്‍ കൃഷ്. ഒടിടി റിലീസിന് ഒരുങ്ങുന്ന മറുഭാഷാ സിനിമകള്‍ക്കൊപ്പം ഒരു മലയാള സിനിമയുമുണ്ട്. ജയസൂര്യ നായകനാവുന്ന സൂഫിയും സുജാതയും ആണ് ആ ചിത്രം.