മുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ ഋഷി കപൂറിന്‍റെ മരണാനന്തര പ്രാര്‍ത്ഥനാ ചടങ്ങുകള്‍ മുംബൈയിലെ വീട്ടില്‍ നടന്നു. ചടങ്ങില്‍നിന്നുള്ള ചിത്രങ്ങള്‍ ഫാന്‍ പേജുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഋഷി കപൂറിന്‍റെ ചിത്രത്തിന് തൊട്ടടുത്തിരിക്കുന്ന നീതു കപൂറിന്‍റെയും രണ്‍വീര്‍ കപൂറിന്‍റെയും ചിത്രങ്ങളാണ് ഇത്. കണ്ണിനെ ഈറനണയിക്കുന്നുവെന്നാണ് ചിത്രത്തോടുള്ള ആരാധകരുടെ പ്രതികരണം. 

ഏപ്രില്‍ 28ന് ചന്ദന്‍വാഡി ശ്മശാനത്തില്‍ വച്ചാണ് ഋഷി കപൂറിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. ബന്ധുക്കള്‍ മാത്രമാണ് ചടങ്ങിനെത്തിയിരുന്നത്. കൂടാതെ അഭിഷേക് ബച്ചനും ആലിയ ഭട്ടും പങ്കെടുത്തിരുന്നു. 

മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഏപ്രില്‍ 30നായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കാൻസർ രോഗം സ്ഥിരീകരിച്ചതിന് ശേഷം ന്യൂയോർക്കിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഒരു വർഷത്തോളം ഇവിടെ കഴിഞ്ഞ താരം 2019 സെപ്തംബറോടെയാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. 

രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബാലതാരമായി നിരവധി സിനിമകളിൽ വേഷമിട്ട അദ്ദേഹം 1973 ൽ ബോബി എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി.  2019 ല്‍ അഭിനയിച്ച 'ദ ബോഡി' ആണ് അദ്ദേഹത്തിന്‍റെ അവസാന ചിത്രം.