തന്‍റെ പുതിയ ചിത്രമായ മാജിക് മഷ്റൂംസിനെതിരെ കരുതിക്കൂട്ടിയുള്ള സൈബർ ആക്രമണം നടക്കുന്നുണ്ടെന്ന് സംവിധായകൻ നാദിർഷ
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മാജിക് മഷ്റൂംസ്. 23 നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഇപ്പോഴിതാ ചിത്രത്തിനെതിരായി കരുതിക്കൂട്ടിയുള്ള സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് ആരോപണം ഉന്നയിക്കുകയാണ് നാദിര്‍ഷ. വ്ളോഗര്‍മാരില്‍ ചിലര്‍ തുടര്‍ച്ചയായി ചിത്രത്തിനെതിരെ നെഗറ്റീവ് പറഞ്ഞ് കോണ്ടെന്‍റ് ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറയുന്നു. മറ്റ് അണിയറക്കാര്‍ക്കൊപ്പമുള്ള ഒരു തിയറ്റര്‍ വിസിറ്റിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നാദിര്‍ഷ.
നാദിര്‍ഷ പറയുന്നു
"കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ ഞങ്ങള്‍ പോകുന്നുണ്ട്. സിനിമ മോശമാണെങ്കില്‍ തിയറ്ററില്‍ പോകാന്‍ ധൈര്യം കാണിക്കില്ല ആരും. അത് അഭിനേതാക്കളാണെങ്കിലും സാങ്കേതിക പ്രവര്‍ത്തകര്‍ ആണെങ്കിലും. ഒരു സിനിമയുടെ സംവിധായകനും എഴുത്തുകാരനും നായകനും നായികയും പ്രൊഡ്യൂസറുമൊക്കെക്കൂടി ഒരു തിയറ്ററിലേക്ക് ധൈര്യമായി പോകണമെങ്കില്‍ കണ്ടവരുടെ അഭിപ്രായം പോസിറ്റീവ് ആയിരിക്കണം. എന്നാല്‍ മാത്രമേ അങ്ങനെ പോവൂ. അങ്ങനെ നമ്മള്‍ ചെല്ലുന്നു. അവിടെയെല്ലാം നല്ല പ്രതികരണങ്ങള്‍ ഉണ്ട്. മലബാര്‍ ഏരിയയിലും കൊച്ചിയിലുമൊക്കെയുള്ള തിയറ്ററുകളില്‍ പോയതിന്‍റെ വീഡിയോ ഞങ്ങള്‍ പബ്ലിഷ് ചെയ്തു.
ഈ സിനിമയെ കൊന്ന് കൊലവിളിക്കാന്‍ വേണ്ടി മനപൂര്‍വ്വം ചില ആളുകള്‍ ശ്രമിക്കുന്നുണ്ട്. സാധാരണ എന്‍റെ അഭിപ്രായം ഇതാണെന്ന് പറഞ്ഞ് ഒരാള്‍ ഒരു സിനിമയെക്കുറിച്ച് ചെയ്യുന്ന ഒരു വീഡിയോ ഒക്കെ നമ്മള്‍ കാണും. ഇത് തുടര്‍ച്ചയായി വീഡിയോകള്‍ ഇട്ടുകൊണ്ടിരിക്കുകയാണ്. അയാളുടെ പുതിയ വീഡിയോ എറണാകുളം ഫോറം മാളില്‍ പോയപ്പോള്‍ അവിടെ എന്തോ ഷൂട്ടിംഗ് നടക്കുന്നു എന്നൊക്കെ പറഞ്ഞാണ്. പിന്നീട് അയാള്‍ പറയുന്നത് ഇന്നലെ മാജിക് മഷ്റൂംസിന് എതിരായി ഇട്ട റിവ്യൂവിന് ഭയങ്കര റീച്ച് ഉണ്ടെന്നാണ്. അതായത് പുള്ളി ഇതുകൊണ്ട് ജീവിക്കാനുള്ള തീരുമാനമാണ്. ജെനുവിന്‍ ആയിട്ടുള്ള റിവ്യൂ എന്നാല്‍ പടം ഇഷ്ടപ്പെട്ടു അല്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല. ഇന്നയിന്ന കാര്യങ്ങള്‍ കൊണ്ടാണ്. അതോടുകൂടി തീരും. ഇത് ആ സിനിമയെ ആക്രമിക്കാനായി തുടര്‍ച്ചയായി ഇങ്ങനെ ഇട്ടുകൊണ്ടിരിക്കുകയാണ്. അങ്ങനെ കാശുണ്ടാക്കി തിന്നിട്ട് എന്ത് കാര്യമാണ്? സിനിമ കൊള്ളില്ലെങ്കില്‍ നമുക്ക് പറയാന്‍ അവകാശമുണ്ട്. പക്ഷേ കരുതിക്കൂട്ടിയുള്ള ആക്രമണത്തിന് ഒരു ടാര്‍ഗറ്റ് ഉണ്ട്. ആരെയൊക്കെയോ ഏല്‍പ്പിച്ചിട്ട് അവര്‍ എല്ലാവരും കൂടി ചെയ്യുകയാണ്", നാദിര്‍ഷ പറഞ്ഞവസാനിപ്പിക്കുന്നു.



