അനീഷ് ബിഗ് ബോസ് ഫസ്റ്റ് റണ്ണറപ്പായെങ്കിൽ ടോപ് 3ൽ എത്തിയ മൽസരാർത്ഥികളിൽ ഒരാളായിരുന്നു ഷാനവാസ്.
ബിഗ് ബോസ് മലയാളം സീസൺ 7 ൽ ആരാധകർ ഏറ്റെടുത്ത കോമ്പോ ആയിരുന്നു അനീഷിന്റെയും ഷാനവാസിന്റെയും. അനീഷ് ഫസ്റ്റ് റണ്ണറപ്പായെങ്കിൽ ടോപ് 3ൽ എത്തിയ മൽസരാർത്ഥികളിൽ ഒരാളായിരുന്നു ഷാനവാസ്. ബിഗ് ബോസ് കഴിഞ്ഞാലും ഷാനവാസ് തന്റെ ആജീവനാന്ത സുഹൃത്തായിരിക്കും എന്ന് അനീഷ് വ്യക്തമാക്കിയിരുന്നു. ബിഗ്ബോസിൽ നിന്നും പുറത്തു വന്നതിനു ശേഷം അനീഷുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നതിനെക്കുറിച്ചും പലതവണ ഷാനവാസ് സംസാരിച്ചിരുന്നു. ഷോയ്ക്ക് ശേഷം ഇരുവരെയും ഒന്നിച്ചു കാണാൻ കഴിയുന്ന പരിപാടികളെല്ലാം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ഒരു പൊതുപരിപാടിക്കിടെ ഷാനവാസ് പറഞ്ഞ കാര്യങ്ങളും ആരാധകർ സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. അനീഷുമായുള്ള സൗഹൃദം അതേ പോലെ തന്നെ കൊണ്ടുപോകാൻ കഴിയുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഷാനവാസ്.
അനീഷിനൊപ്പം ഒരു സിനിമക്ക് തിരക്കഥയെഴുതുന്ന പണിപ്പുരയിലാണ് താനെന്നാണ് ഷാനവാസ് വെളിപ്പെടുത്തിയത്. ''ഞങ്ങളുടെ സൗഹൃദം നല്ല രീതിയിലാണ് ഞങ്ങൾ കൊണ്ടുപോകുന്നത്. ഞാനും അനീഷും ചേർന്ന് ഒരു സ്ക്രിപ്റ്റ് പ്ലാൻ ചെയ്യുന്നുണ്ട്. ദൈവം അനുഗ്രഹിച്ചാൽ എല്ലാം ഭംഗിയായി നടക്കും'', എന്നാണ് ഷാനവാസ് പറഞ്ഞത്. ഷാനവാസിന്റെ ഈ വെളിപ്പെടുത്തലിനു പിന്നാലെ നിരവധിപ്പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നത്. ''പ്ലാൻ ചെയ്തതു പോലെ എല്ലാം നടക്കട്ടെ, ദൈവം അനുഗ്രഹിക്കും'', എന്നാണ് കമന്റ് ബോക്സിൽ ആരാധകർ കുറിക്കുന്നത്.
സിനിമ തന്നെയാണ് തന്റെ സ്വപ്നം എന്നാണ് ബിഗ് ബോസ് സീസൺ ഏഴിൽ സെക്കൻഡ് റണ്ണറപ്പായതിന് പിന്നാലെ ഷാനവാസ് പറഞ്ഞിട്ടുള്ളത്. എഴുത്തിൽ കൂടുതൽ ശ്രദ്ധിക്കാനാണ് താത്പര്യം എന്നാണ് ബിഗ് ബോസിന് ശേഷം അനീഷും പ്രതികരിച്ചിട്ടുള്ളത്. സ്ക്രിപ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളുമായി സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കാൻ താത്പര്യമുണ്ട് എന്നും അനീഷ് വ്യക്തമാക്കിയിരുന്നു.
