നടന്‍ സുശാന്ത് സിംഗ് രാജ്‍പുത്തിന്‍റെ മരണം സംബന്ധിച്ച് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി അടക്കമുള്ളവരുടെ മൊഴിയെടുക്കാന്‍ കേസന്വേഷിക്കുന്ന മുംബൈ പൊലീസ് സംഘം. ബന്‍സാലിക്കൊപ്പം സംവിധായകനും നടനും നിര്‍മ്മാതാവുമായ ശേഖര്‍ കപൂര്‍, നടി കങ്കണ റണൗത്ത് എന്നിവരുടെ മൊഴികളാണ് അന്വേഷണസംഘം രേഖപ്പെടുത്തുക. 

സഞ്ജയ് ലീല ബന്‍സാലി സുശാന്ത് സിംഗിന് നാല് സിനിമകള്‍ വാഗ്‍ദാനം ചെയ്‍തിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ ഇരുവരും ചേര്‍ന്നുള്ള ഒരു സിനിമ പോലും യാഥാര്‍ഥ്യമായില്ല. സുശാന്തിന്‍റെ ഡേറ്റ് സംബന്ധിച്ച പ്രശ്‍നങ്ങള്‍ മൂലമാണ് ആ സിനിമകള്‍ സംഭവിക്കാതിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. യാഷ് രാജ് ഫിലിംസുമായി ഏര്‍പ്പെട്ടിരുന്ന ഒരു കരാറിന്‍റെ ഭാഗമായി തന്നെ തേടിയെത്തിയിരുന്ന പല അവസരങ്ങളും സുശാന്തിന് ഉപേക്ഷിക്കേണ്ടിവന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ചാവും അന്വേഷണസംഘം സഞ്ജയ് ലീല ബന്‍സാലിയോട് പ്രധാനമായും ആരായുക.

അതേസമയം ശേഖര്‍ കപൂറും കങ്കണ റണൗത്തും സുശാന്തിന്‍റെ മരണത്തിനു പിന്നാലെ പരസ്യപ്രതികരണങ്ങളുമായി രംഗത്തെത്തിയവരാണ്. സുശാന്തിനു കടന്നുപോകേണ്ടിവന്ന വേദന തനിക്ക് അറിയാമെന്നും അതിന് ഇടയാക്കിയ ആളുകളെക്കുറിച്ച് തനിക്ക് അറിയാമെന്നും പറഞ്ഞുള്ള ശേഖര്‍ കപൂറിന്‍റെ ട്വീറ്റ് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സുശാന്തിന് അര്‍ഹിച്ചിരുന്ന അവസരങ്ങള്‍ നല്‍കാതിരുന്ന ബോളിവുഡ് സിനിമാലോകത്തെ കുറ്റപ്പെടുത്തിക്കൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെ കങ്കണയും രംഗത്തെത്തിയിരുന്നു.