ഹൈടെക് സെൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സിനിമ ഒരു വിഭാഗത്തിൻെറ മതവികാരം വ്രണപ്പെടുത്തുന്നതും കലാപമുണ്ടാക്കാൻ ആഹ്വാനം ചെയ്യുന്നതുമായി പ്രമേയമുണ്ടെന്ന റിപ്പോർട്ടിലാണ് കേസെടുക്കാൻ നിർദ്ദേശം.
തിരുവനന്തപുരം: ആദാ ശർമ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കേരളാ സ്റ്റോറി’ എന്ന ഹിന്ദി സിനിമക്കെതിരെ പൊലീസ് കേസെടുക്കും. ഹൈടെക് സെൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സിനിമ ഒരു വിഭാഗത്തിൻെറ മതവികാരം വ്രണപ്പെടുത്തുന്നതും കലാപമുണ്ടാക്കാൻ ആഹ്വാനം ചെയ്യുന്നതുമായി പ്രമേയമുണ്ടെന്ന റിപ്പോർട്ടിലാണ് കേസെടുക്കാൻ നിർദ്ദേശം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് നിർദ്ദേശം നൽകിയത്. മതവികാരം വ്രണപ്പെടുത്തുന്നതും കേരളത്തിനെ അപമാനിക്കുന്നതുമായി ഉള്ളടക്കമുള്ള സിനിമക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തീവ്രവാദം പ്രമേയമാക്കി അടുത്തിടെയിറങ്ങിയ സിനിമയുടെ ടീസർ വിവാദമായിരുന്നു.
കേരളത്തിൽ നിന്ന് 32000 സ്ത്രീകളെ നിർബന്ധിത മതപരിവർത്തനം നടത്തി വിദേശത്ത് തീവ്രവാദ സംഘടനകളിൽ ചേർത്തു എന്നാണ് സിനിമ ആരോപിക്കുന്നത്. കേരളത്തെപ്പറ്റി വ്യാജപ്രചരണം നടത്തുന്നു എന്നാരോപിച്ച് തമിഴ്നാട് സ്വദേശിയായ മാധ്യമപ്രവർത്തകന്‍ കേന്ദ്ര കേരള സർക്കാരുകൾക്കും സെൻസർ ബോർഡിനും പരാതി നൽകിയിരുന്നു. സൺഷൈൻ പിക്ചേഴ്സിന്‍റെ ബാനറിൽ വിജയ് അമൃത്‍ലാൽ നിർമിച്ച് സുദീപ്തോ സെൻ സംവിധാനം ചെയ്യുന്ന കേരളാ സ്റ്റോറി എന്ന ഹിന്ദി സിനിമയ്ക്ക് എതിരെയാണ് പരാതി.
സിനിമയുടെ ഒരു മിനുട്ട് ദൈർഘ്യമുള്ള ടീസർ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ റിലീസ് ചെയ്തിരുന്നു. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദാ ശർമയുടെ സിനിമയിലെ കാരക്ടർ സ്കെച്ചാണ് ടീസറിന്‍റെ ഉള്ളടക്കം. അന്തർദേശീയ അതിർത്തിയെന്ന് സൂചിപ്പിക്കുന്ന പശ്ചാത്തലത്തിൽ മലയാളിയായ കേന്ദ്രകഥാപാത്രം തന്നെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയയാക്കി തീവ്രവാദ സംഘടനയിൽ ചേർത്തു എന്ന് പറയുന്നു. ഹിന്ദിയിലാണ് സംഭാഷണം.
ഇത്തരത്തിൽ 32,000 സ്ത്രീകളെ കേരളത്തിൽ നിന്ന് തീവ്രവാദസംഘടനകളിൽ ചേർക്കാൻ വിദേശത്തേക്ക് കൊണ്ടുപോയെന്നാണ് ടീസറിന്‍റെ ഉള്ളടക്കം. യഥാർത്ഥ വസ്തുതകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു എന്നവകാശപ്പെടുന്ന സിനിമ പച്ചക്കള്ളം സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്ന് പരാതി നൽകിയ മാധ്യമപ്രവർത്തകൻ ബി ആർ അരവിന്ദാക്ഷൻ ആരോപിച്ചു.
സിനിമ കേരളത്തെപ്പറ്റി മോശം പ്രതിച്ഛായ ഉണ്ടാക്കാൻ ശ്രമിക്കുന്ന പ്രചാരണത്തിന്‍റെ ഭാഗമാണ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനും ഇൻഫർമേഷൻ ആന്‍റ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും വിവിധ സംസ്ഥാനങ്ങളിലെ സെൻസർ ബോർഡുകൾക്കും പരാതി അയച്ചെന്ന് അരവിന്ദാക്ഷൻ പറഞ്ഞു.
