തിയറ്റര്‍ റിലീസിന് ആറ് മാസങ്ങള്‍ക്കിപ്പുറം ആ മലയാള ചിത്രം ഒടിടിയിലേക്ക്
മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. എ ബി ബിനില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച്, ശ്രീനാഥ് ഭാസി നായകനായ പൊങ്കാല എന്ന ചിത്രമാണ് സ്ട്രീമിംഗിന് എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ഡിസംബര്‍ 5 ന് ആയിരുന്നു. ആറ് മാസത്തിന് ഇപ്പുറമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ നാളെ (ജൂണ്‍ 12) ചിത്രം പ്രദര്‍ശനം ആരംഭിക്കും.
യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രമെന്നാണ് അണിയറക്കാര്‍ പൊങ്കാലയെ വിശഏഷിപ്പിച്ചിരിക്കുന്നത്. സൗഹൃദത്തിന്റെ മറവിൽ നടന്ന വഞ്ചനയും അതിലൂടെ തകർന്നുപോകുന്ന ഒരു മനുഷ്യന്റെ ജീവിതവും തുടർന്ന് അവനെ പ്രതികാരത്തിന്റെ വഴിയിലേക്ക് നയിക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രണയം, സൗഹൃദം, വിശ്വാസവഞ്ചന, നഷ്ടം, പ്രതികാരം എന്നീ വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം ശക്തമായ ആക്ഷൻ രംഗങ്ങളാലും ശ്രദ്ധേയമാണ്. മലയാള സിനിമയിൽ അപൂർവമായി കാണുന്ന തരത്തിൽ നിരവധി ഫൈറ്റ് സീക്വൻസുകൾ ഉൾക്കൊള്ളുന്ന ഒരു ആക്ഷൻ ത്രില്ലർ കൂടിയാണ് പൊങ്കാല. ഒടിടി റിലീസിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്, ജൂനിയര്‍ 8 എന്നീ ബാനറുകളില്‍ ഒരുങ്ങിയ ചിത്രം ദീപു ബോസും അനില്‍ പിള്ളയും ചേര്‍ന്നാണ് നിർമ്മിച്ചത്. ഡോണാ തോമസ് ആണ് ചിത്രത്തിന്‍റെ കോ പ്രൊഡ്യൂസര്‍. ബാബുരാജ്, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ, യാമി സോന, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിൻ, ചെറായി ഭാഗങ്ങളിലായിരുന്നു. 2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ, മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി അവതരിപ്പിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം ജാക്‌സണ്‍, എഡിറ്റര്‍ അജാസ് പുക്കാടന്‍, സംഗീതം രഞ്ജിന്‍ രാജ്, ആര്‍ട്ട് നിധീഷ് ആചാര്യ, ഫൈറ്റ് മാഫിയ ശശി, രാജശേഖര്‍, പ്രഭു ജാക്കി, കൊറിയോഗ്രാഫി വിജയ റാണി.

