ആദ്യഭാഗം സെപ്റ്റംബര്‍ 30ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍

ഭാഷാ അതിരുകള്‍ക്കപ്പുറത്ത് ഇന്ത്യന്‍ സിനിമാപ്രേമികള്‍ കൌതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മണി രത്നത്തിന്‍റെ (Mani Ratnam) സ്വപ്‍ന പ്രോജക്റ്റ് പൊന്നിയിന്‍ സെല്‍വന്‍ (Ponniyin Selvan). 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്‍ രണ്ട് ഭാഗങ്ങളായാണ് പുറത്തെത്തുക. ആദ്യഭാഗം സെപ്റ്റംബര്‍ 30ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ സ്കെച്ചുകളും ലുക്കുകളുമൊക്കെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. വിക്രത്തിന്‍റെയും കാര്‍ത്തിയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഐശ്വര്യ റായ്‍യുടെ ലുക്കും പുറത്തെത്തിയിരിക്കുകയാണ്.

ചോള സാമ്രാജ്യത്തില്‍ പെട്ട പഴുവൂരിലെ രാജ്ഞി നന്ദിനിയാണ് ഐശ്വര്യയുടെ കഥാപാത്രം. പ്രതികാരത്തിന് സുന്ദരമായ ഒരു മുഖമുണ്ട് എന്നാണ് ഫസ്റ്റ് ലുക്കിലെ ക്യാപ്ഷന്‍. ജയറാം, വിക്രം, ഐശ്വര്യ റായ്, ജയം രവി, പ്രകാശ് രാജ്, കാര്‍ത്തി, തൃഷ, ശരത് കുമാര്‍, പാര്‍ഥിപന്‍, ലാല്‍, പ്രഭു, റിയാസ് ഖാന്‍, കിഷോര്‍, വിക്രം പ്രഭു, റഹ്‍മാന്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

Scroll to load tweet…

കല്‍കി കൃഷ്‍ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് മണി രത്നവും കുമാരവേലും ചേർന്ന് തിരക്കഥയും ജയമോഹൻ സംഭാഷണവും ഒരുക്കുന്നു. എ ആർ റഹ്മാൻ ആണ് സംഗീതം. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം എത്തുക.

ALSO READ : 'സോറി ബിഗ് ബോസ് നിങ്ങളെ കുറെ തെറി വിളിച്ചു'; ആ ശബ്‍ദത്തിന്‍റെ ഉടമയെ പരിചയപ്പെടുത്തി നിമിഷ