കൊച്ചി: വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രണയകാലത്തെ ഓര്‍മ്മകള്‍ പുതുക്കി പൂര്‍ണിമ ഇന്ദ്രജിത്ത്. ഇന്ദ്രജിത്തും പൂര്‍ണിമയും വിവാഹിതരായി പതിനേഴ് വര്‍ഷം തികയുന്ന വേളയില്‍ തങ്ങളുടെ പ്രണയകാലത്തെ ചിത്രത്തോടൊപ്പം പൂര്‍ണിമ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഇരുവരും ഒന്നിച്ചുള്ള ആദ്യത്തെ ഫോട്ടോയാണിതെന്നും അമ്മ മല്ലിക സുകുമാരനാണ് ചിത്രം പകര്‍ത്തിയതെന്നും പൂര്‍ണിമ പറയുന്നു. തങ്ങള്‍ പ്രണയത്തിലാണെന്ന് അന്ന് അമ്മയ്ക്ക് അറിയാമോ എന്നതോര്‍ത്ത് അത്ഭുതപ്പെട്ടിരുന്നെന്നും പൂര്‍ണിമ കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഈ കുറിപ്പ്. 

പൂര്‍ണിമയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

അദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്ത അതേ ദിവസം തന്നെയാണ് ഈ ചിത്രം എടുത്തത്. അന്ന് എനിക്ക് 21 വയസ്സും അദ്ദേഹത്തിന് 20 വയസ്സും. ഞാനൊരു നടിയും അദ്ദേഹം ഒരു വിദ്യാര്‍ത്ഥിയും! ഇന്നും ആ ദിവസം എനിക്ക് വ്യക്തമായി ഓര്‍മ്മയുണ്ട്. ഓഹ് ഞങ്ങള്‍ അത്രത്തോളം ഗാഢമായ പ്രണയത്തിലായിരുന്നു. ഞങ്ങളുടെ ഹൃദയമിടിപ്പ് കൂടുകയും തൊണ്ട വരളുകയും ചെയ്തത്...ഇന്നലെ കഴിഞ്ഞതുപോലെയാണ് തോന്നുന്നത്. 

ഈ ചിത്രം പകര്‍ത്തിയത് ആരാണെന്ന് ഊഹിക്കാമോ?... മല്ലിക സുകുമാരന്‍. അന്ന് ഞങ്ങളുടെ തലയില്‍ എന്താണ് പുകയുന്നതെന്ന് അമ്മയ്ക്ക് ഈ ചിത്രം എടുക്കുമ്പോള്‍ അറിയാമായിരുന്നോ എന്നത് ഓര്‍ക്കുമ്പോള്‍ അത്ഭുതമാണ്.  ഇപ്പോള്‍ അമ്മയെ നന്നായി മനസ്സിലായപ്പോള്‍ എനിക്ക് ഉറപ്പുണ്ട് അന്ന് അമ്മയ്ക്ക് അക്കാര്യം അറിയാമായിരുന്നിരിക്കും. 

മൂന്ന് വര്‍ഷത്തെ പ്രണയം, 17 വര്‍ഷത്തെ വിവാഹ ജീവിതം. ഹാപ്പി ആനിവേഴ്സറി ഇന്ദ്രാ...