തീയേറ്ററുകളില്‍ മികച്ച വിജയം നേടിയ ജോഷി ചിത്രം 'പൊറിഞ്ചു മറിയം ജോസി'ന്റെ ടെലിവിഷന്‍ പ്രീമിയര്‍ ഇന്ന് ഏഷ്യാനെറ്റില്‍. വൈകിട്ട് അഞ്ചിനാണ് പ്രദര്‍ശനം. 

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 'പൊറിഞ്ചു മറിയം ജോസു'മായി ജോഷി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. പുതിയ കാലത്ത് ഏറെ സ്വീകാര്യതയുള്ള അഭിനേതാക്കളായ ജോജു ജോര്‍ജും ചെമ്പന്‍ വിനോദ് ജോസും നൈല ഉഷയും ടൈറ്റില്‍ റോളിലെത്തിയ ചിത്രത്തിന് പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധ ലഭിച്ചിരുന്നു.

കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജിമോന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും അഭിലാഷ് എന്‍ ചന്ദ്രന്റേതാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. സംഗീതം ജേക്‌സ് ബിജോയ്. എഡിറ്റിംഗ് ശ്യാം ശശിധരന്‍. 'ജോസഫി'ലെ ടൈറ്റില്‍ കഥാപാത്രത്തിന് ശേഷം ജോജു നായകനായ ചിത്രമാണ് 'പൊറിഞ്ചു മറിയം ജോസ്'.