ബാബു ആന്‍റണി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ഇത്

ഡെന്നിസ് ജോസഫ് (Dennis Joseph) അവസാനമായി എഴുതിയ തിരക്കഥയാണ് 'പവര്‍ സ്റ്റാര്‍' (Power Star). ബാബു ആന്‍റണിയെ (Babu Antony) നായകനാക്കി ഒമര്‍ ലുലു (Omar Lulu) പ്രഖ്യാപിച്ച ചിത്രം. 2020 ആദ്യ പകുതിയില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണം വൈകിയ സിനിമയുമാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ഇന്നു മുതല്‍ ആരംഭിക്കുകയാണെന്ന് അറിയിക്കുകയാണ് സംവിധായകന്‍.

ഒമര്‍ ലുലു പറയുന്നു

ഡെന്നിസ് ജോസഫ് സാറിന്‍റെ വീട്ടിൽനിന്ന് പവർ സ്റ്റാറിന്‍റെ സ്‌ക്രിപ്റ്റ് കൈപ്പറ്റിയിട്ട് മാസങ്ങൾ ആയെങ്കിലും ഡെന്നിസ് സാറിന്‍റെ മരണവും പിന്നീടു വന്ന സെക്കന്‍ഡ് ലോക്ക് ഡൗണും പവർ സ്റ്റാറിനെ അല്‍പം വൈകിപ്പിച്ചു. ഏവർക്കും ആസ്വദിക്കാവുന്ന ഒരു നല്ല സിനിമ ആയിരിക്കണം എന്ന വാശി എനിക്കുണ്ടായിരുന്നു. അതിനാൽ തന്നെ ലോക്ക്ഡൗണ്‍ പരിമിതിക്കുള്ളിൽ നിന്ന് ഷൂട്ട് ചെയ്യണ്ട എന്നായിരുന്നു തീരുമാനം. എന്നാൽ ഇപ്പോ സാഹചര്യങ്ങൾ എല്ലാം അനുകൂലമായി വന്നതുകൊണ്ടുതന്നെ ഞാൻ എന്‍റെ ഡ്രീം പ്രോജക്റ്റ് ആയ പവർ സ്റ്റാറിന്‍റെ പ്രീപ്രൊഡക്ഷൻ ഇന്ന് മുതൽ തുടങ്ങുകയാണ്. കന്നഡ, മലയാളം എന്നീ ഭാഷകളിലായി ഒരുങ്ങുന്ന ഈ പ്രൊജക്ടിൽ ഇരു ഭാഷകളിലെയും താരങ്ങൾ അഭിനയിക്കുന്നുണ്ട്. പൂർണമായും ആക്ഷന് പ്രാധാന്യം നൽകി കൊണ്ട് വരുന്ന പവർ സ്റ്റാറിൽ KGF മ്യൂസിക് ഡയറക്ടർ ആയ രവി ബാസൂർ ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. വരുന്ന ഫെബ്രുവരിയിൽ മുന്നൊരുക്കങ്ങൾ എല്ലാം കഴിഞ്ഞു ഷൂട്ട് തുടങ്ങാൻ ആണ് തീരുമാനം. നിങ്ങൾ എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും കുടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ബാബു ആന്‍റണി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ഇത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമര്‍ ലുലു മുന്‍പു ചെയ്‍തിട്ടുള്ളതെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവ ലൊക്കേഷനുകള്‍. നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയുമാണ് ഇത്.