പ്രഭാസിന് കുറഞ്ഞ പ്രതിഫലമോ?, 1200 കോടി കല്‍ക്കി നേടിയിട്ടും ദീപികയടക്കമുള്ള പ്രധാന താരങ്ങള്‍ക്ക് ചെറിയ തുക
പ്രഭാസിന്റെ കല്‍ക്കിയുടെ പ്രതിഫലം പുറത്ത്.
പ്രഭാസ് വീണ്ടും രാജ്യമൊട്ടാകെ ചര്‍ച്ചയായിരിക്കുകയാണ്. പ്രതീക്ഷകള്‍ക്കപ്പുറം കല്‍ക്കി 2898 എഡി സിനിമ വിജയിച്ചതിനാല്‍ വീണ്ടും പ്രഭാസ് ഇന്ത്യൻ താരങ്ങളില്‍ മുന്നിലെത്തിയിരിക്കുകയാണ്. കല്‍ക്കി 2898 എഡി 1200 കോടി രൂപയോളം ആഗോളതലത്തില്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രഭാസിന് ലഭിച്ച പ്രതിഫലം ചിത്രത്തിന്റെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.
പ്രഭാസ് മുമ്പ് 100 കോടിയലധികം വാങ്ങിയ നടനാണ്. എന്നാല്‍ കല്‍ക്കിക്ക് ലഭിച്ചത് 80 കോടി രൂപയാണ് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. കല്‍ക്കി വൻ വിജയമായ ഒരു ചിത്രമായതിനാല്‍ പ്രഭാസിന്റെ പ്രതിഫലം കുറഞ്ഞുപോയെന്നാണ് അഭിപ്രായങ്ങള്‍. ബച്ചനും ദീപിക പദുക്കോണിനും കമല്‍ഹാസനും 20 കോടി വീതം പ്രതിഫലമായി കല്‍ക്കിക്ക് ലഭിച്ചത്.
ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി. ദീപിക പദുക്കോണ്‍ നായികയായപ്പോള്‍ പ്രഭാസ് ചിത്രത്തില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും കഥാപാത്രങ്ങളായി എത്തിയതും ശ്രദ്ധയാകര്‍ഷിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ.
പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരുന്നു നിര്‍മാതാക്കള്‍. സിനിമയെ നമുക്ക് വിലമതിക്കാം എന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കിയത്. കലാസൃഷ്‍ടിയില്‍ നമുക്ക് മതിപ്പ് ഉണ്ടാകണം. അപ്‍ഡേറ്റുകളില്‍ സ്‍പോയിലറുകള്‍ നല്‍കരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്‍ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിര്‍മാതാക്കള്‍. സിനിമയുടെ ഉള്ളടക്കം നമുക്ക് പുറത്തുവിടാതിരിക്കാം. സിനിമയുടെ വിജയം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നും നിര്‍മാതാക്കള്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക