കമല്‍ഹാസൻ, അമിതാഭ് ബച്ചൻ എന്നീ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. ശേഷം എത്തിയ ബാഹുബലി 2വും താരത്തിന്റെ സിനിമ കരിയറിലെ വലിയ മുന്നേറ്റം ആയിരുന്നു. എന്നാൽ ഈ ചിത്രങ്ങൾക്ക് ശേഷം പുറത്തിറങ്ങിയ പ്രഭാസ് സിനിമകൾ എല്ലാം തന്നെ പരാജയം നുണഞ്ഞു. ഇതിൽ ഒടുവിലത്തേത് ആയിരുന്നു ആദിപുരുഷ്. എന്നാൽ വരാൻ ഇരിക്കുന്നത് ബിഗ് ബജറ്റ് ഉൾപ്പടെയുള്ള പ്രഭാസ് ചിത്രങ്ങളാണ്. അതിൽ പ്രധാനം 'പ്രൊജക്ട് കെ' ആണ്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
ഇന്ന് അഞ്ച് മണിയോടെയാണ് പ്രൊജക്ട് കെയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. ഇംഗ്ലീഷ് ചിത്രങ്ങളെ ധ്വനിപ്പിക്കുന്ന തരത്തിൽ പടച്ചട്ട ധരിച്ച് നിൽക്കുന്ന പ്രഭാസിനെ ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. പോസ്റ്റർ പുറത്തുവന്ന് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. അതും ട്രോളായി.
ചില സയൻസ് ഫിക്ഷൻ ഫിലിം പോസ്റ്ററിൽ പ്രഭാസിന്റെ മുഖം ക്രോപ്പ് ചെയ്ത് പോലെയാണ് ഫസ്റ്റ് ലുക്ക് എന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്. ഒറ്റനോട്ടത്തിൽ തന്നെ അത് പിടികിട്ടുകയും ചെയ്യും. അതോടൊപ്പം തന്നെ അയൺ മാന്റെ ലുക്ക് കോപ്പിയടിച്ചതാണെന്നും ആരോപണം ഉണ്ട്. വലിയ ഹൈപ്പോടെ എത്തുന്ന ചിത്രമാണ് പ്രൊജക്ട് കെ. എന്നാൽ ആ പ്രതീക്ഷകൾക്ക് അടുത്തെങ്ങുമെത്താൻ പോസ്റ്ററിന് കഴിഞ്ഞില്ല എന്നതാണ് വാസ്തവം.
പോസ്റ്റർ പുറത്തുവിട്ടതിന് പിന്നാലെ പ്രഭാസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ട്രോളുകളുടെ കൂമ്പാരമാണ്. "ഇരുമ്പ് മനുഷ്യന് തിയേറ്ററിൽ സീറ്റ് ഒഴിച്ചിടണോ അണ്ണാ?, ഈ ബാഹുബലി മനോഭാവം ഇതിനകം തന്നെ ആദിപുരുഷനെ കുഴപ്പത്തിലാക്കി. ഇതെന്താവോ എന്തോ, ഫാൻ മേഡ് പോസ്റ്റർ ഇതിലും ഗംഭീരമാണ്, പൂർണ്ണമായും CGI, VFX എന്നിവയെ ആശ്രയിക്കുന്ന ഒരു സിനിമയ്ക്ക് ഇതുപോലൊരു മോശം ഗ്രേഡ് പോസ്റ്റർ പുറത്തിറക്കുന്നത് ടീമിൽ നിന്നുള്ള മണ്ടത്തരമാണ്, ഇത്തരത്തിൽ കാർട്ടൂൺ ടൈപ്പ് പോസ്റ്ററുകളും സിനിമയും നിർമ്മിച്ച് പ്രഭാസ് ദിനംപ്രതി പ്രതീക്ഷകൾ നഷ്ടപ്പെടുത്തുന്നു", എന്നിങ്ങനെ പോകുന്നു കമന്റുകൾ.
പ്രഭാസിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമയാണ് ആദിപുരുഷ്. ഇതിന്റെ വിഎഫ്എക്സിന് വലിയ തോതിലുള്ള വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു. വൻ ഹൈപ്പോടെ എത്തിയ ഈ ചിത്രത്തിന് തിയറ്ററിൽ അധിക നാൾ നിലനിൽക്കാനും സാധിച്ചിരുന്നില്ല. ഈ ഒരു അനുഭവം മുന്നിൽ ഉള്ളപ്പോഴാണ് വീണ്ടുമൊരു പ്രഭാസ് ചിത്രത്തിന്റെ പോസ്റ്റർ ഇത്തരത്തിൽ മോശമായി എത്തിയിരിക്കുന്നത്.
മമ്മൂട്ടിയും മോഹൻലാലുമൊക്കെ പൊന്ന്, പുതിയ താരങ്ങളെ നിലയ്ക്ക് നിർത്തണം: വിനയൻ
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രൊജക്റ്റ് കെ'. കമല്‍ഹാസൻ, അമിതാഭ് ബച്ചൻ എന്നീ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. 600 കോടി രൂപയാണ് ബജറ്റ്. നാഗ് അശ്വിൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും 'പ്രൊജക്റ്റ് കെ'യുടെയും പാട്ടുകള്‍ ഒരുക്കുക. 'പ്രൊജക്റ്റ് കെ' ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന 'സലാറും' പ്രഭാസ് നായകനായി ഒരുങ്ങുന്നുണ്ട്. പൃഥ്വിരാജും ഒരു പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

