സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത് പ്രഭാസ് നായകനാകുന്ന പുതിയ ചിത്രമാണ് 'സ്പിരിറ്റ്'. കരിയറിൽ ആദ്യമായി പ്രഭാസ് പോലീസ് വേഷത്തിലെത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം 600 കോടി ബഡ്ജറ്റിലാണ് നിർമ്മിക്കുന്നത്. തൃപ്തി ദിമ്രിയാണ് നായിക.

അനിമൽ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സ്പിരിറ്റ്'. പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസിനായി സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. തതവസരത്തിൽ സിനിമയുടെ പുതിയ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം 2027 ദീപാവലി റിലീസായി ഒക്ടോബർ 29ന് തിയറ്ററുകളിൽ എത്തും. നേരത്തെ 2027 മാർച്ചിൽ റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്.

തൃപ്തി ദിമ്രിയാണ് ചിത്രത്തിൽ പ്രഭാസിന്റെ നായികയായി സ്പിരിറ്റിൽ എത്തുന്നത്. രണ്ട് വ്യത്യസ്ത വേഷങ്ങളിലാണ് പ്രഭാസ് ചിത്രത്തിലെത്തുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. കൊറിയൻ സൂപ്പർ താരം ഡോണ്‍ ലീയും ചിത്രത്തിൻറെ ഭാഗമാവുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തേയുണ്ടായിരുന്നു. വിവേക് ​​ഒബ്‌റോയ്, ഐശ്വര്യ ദേശായി എന്നിവരും സ്പിരിറ്റിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

കരിയറിൽ ആദ്യമായി പോലീസ് വേഷത്തിൽ പ്രഭാസ് എത്തുന്ന ചിത്രമെന്ന പ്രത്യേകതയും സ്പിരിറ്റിനുണ്ട്. 600 കോടി ബഡ്ജറ്റിലാണ് ചിത്രമെത്തുന്നത് എന്നാണ് പറയപ്പെടുന്നത്. ടി സീരീസും സന്ദീപ് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഭദ്രകാളി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രഭാസിന്‍റെ കരിയറിലെ വലിയ വാണിജ്യ സിനിമകളില്‍ ഒന്നായിരിക്കും ഇത്. വംഗ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. ഭൂഷൺ കുമാർ, പ്രണയ് റെഡ്ഡി വംഗ, കൃഷൻ കുമാർ, പ്രഭാകർ റെഡ്ഡി വംഗ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

രാജാസാബ് എന്ന ചിത്രമാണ് പ്രഭാസിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ഹൊറർ ഫാന്‍റസി ജോണറില്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമ റിലീസ് ചെയ്തതെങ്കിലും തിയറ്ററില്‍ പരാജയം നേരിട്ടിരുന്നു. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമാൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിച്ചത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming