കന്നഡയില്‍ പുത്തൻ റെക്കോര്‍ഡ്. 

രാജ്യമൊട്ടാകെ ആരാധകരുള്ള പാൻ ഇന്ത്യൻ താരമാണ് പ്രഭാസ്. തെലുങ്കില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധയാര്‍ഷിച്ച താരം കന്നഡയുടെയും പ്രിയപ്പെട്ടവനാണ്. മാത്രമല്ല കന്നഡയില്‍ നിന്നുള്ള ഹിറ്റ് സംവിധായൻ പ്രശാന്ത് നീലിന്റെ സലാറില്‍ നായകനായും പ്രഭാസ് പ്രിയങ്കരനായി. എന്തായാലും കന്നഡയിലും പ്രഭാസിന്റെ സലാര്‍ കളക്ഷനില്‍ പുതിയ ഒരു റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്.

കന്നഡയില്‍ മൊഴിമാറ്റിയെത്തിയ ഒരു സിനിമയുടെ കളക്ഷൻ റെക്കോര്‍ഡാണ് സലാര്‍ നേടിയിരിക്കുന്നത്. പ്രഭാസിന്റെ സലാര്‍ കന്നഡയില്‍ ആറ് കോടി ക്ലബില്‍ എത്തിയതോടെയാണ് ആ റെക്കോര്‍ഡ് നേടിയിരിക്കുന്നത്. മൊഴിമാറ്റിയെത്തിയവയില്‍ കന്നഡയില്‍ ഒരു പുതിയ കോടി ക്ലബാണ് തുറന്നിരിക്കുകയാണ്. സലാര്‍ ആഗോളതലത്തില്‍ ആകെ 600 കോടി ക്ലബില്‍ എത്തിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

ദേവ എന്ന നായക കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പ്രഭാസ് എത്തിയത്. സലാറില്‍ തലപ്പൊക്കമുള്ള ഒരു നായക കഥാപാത്രമായിരുന്നു പ്രഭാസിന് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ആക്ഷനില്‍ വൻ മികവ് പ്രകടിപ്പിക്കാനും താരത്തിനു കഴിഞ്ഞിട്ടുണ്ട് എന്ന് സലാര്‍ കണ്ട മിക്കവരും അഭിപ്രായപ്പെടുന്നു. സ്‍ക്രീൻ പ്രസൻസിലും പ്രഭാസ് സലാര്‍ സിനിമയില്‍ അത്ഭുതപ്പെടുത്തുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം.

മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജും ചിത്രത്തില്‍ പ്രഭാസിനൊപ്പം ഉണ്ട് എന്നത് കേരള ബോക്സ് ഓഫീസില്‍ നിര്‍ണായകമായിരുന്നു. കേരളത്തിന്റെ പുറത്തെ പ്രദേശങ്ങളിലും സലാര്‍ സിനിമയിലെ പ്രകടനത്തിന്റെ പേരില്‍ പൃഥ്വിരാജിന് അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്. ഇത്രത്തോളം വലിയ ഒരു ക്യാൻവാസിലേക്ക് ചിത്രം മാറാൻ നടൻ പൃഥ്വിരാജ് നിര്‍ണായകമായിരുന്നു എന്നാണ് സലാറിന്റെ സംവിധായകൻ പ്രശാന്ത് നീലും സാക്ഷ്യപ്പെടുത്തിയിരുന്നത്. പ്രഭാസ് നായകനായ സലാറില്‍ ഇമോഷണല്‍ രംഗങ്ങളിലൊക്കെ പൃഥ്വിരാജിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടുണ്ട്.

Read More: എന്താണ് മലൈക്കോട്ടൈ വാലിബൻ പറയുന്നത്? ഇതാ പുതിയ സൂചനകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക