സലാറിന് മറ്റൊരു വമ്പൻ റെക്കോര്‍ഡ്.

പ്രഭാസ് നായകനായി വേഷമിട്ട പുതിയ ചിത്രം സലാര്‍ രാജ്യത്താകെ സ്വീകാര്യത നേടിയിരിക്കുകയാണ്. കളക്ഷൻ റെക്കോര്‍ഡുകള്‍ പലതും മറികടന്ന് ചിത്രം മുന്നേറുകയാണ്. കര്‍ണാടകയില്‍ നിന്നും അത്തരമൊരു റെക്കോര്‍ഡിന്റെ വാര്‍ത്തയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒരാഴ്‍ചയ്‍ക്കുള്ളില്‍ ബംഗ്ലൂരു സിറ്റിയില്‍ 6000 ഷോകള്‍ കഴിഞ്ഞിരിക്കുന്നു എന്നാണ് സലാറിന്റെ പുതിയ റെക്കോര്‍ഡ്.

ബംഗ്ലൂര്‍ സിറ്റിയിലെ റെക്കോര്‍ഡില്‍ പ്രഭാസ് ചിത്രം സലാര്‍ രണ്ടാം സ്ഥാനത്താണ്. കന്നഡയില്‍ നിന്നുള്ള കെജിഎഫ് രണ്ടാണ് ഷോകളുടെ എണ്ണത്തില്‍ ബംഗ്ലൂരു സിറ്റിയില്‍ ഒന്നാം സ്ഥാനത്ത് ഒരാഴ്‍ചത്തെ കണക്കില്‍ ഉള്ളത്. രാജമൗലിയുടെ ആര്‍ആര്‍ആറിന്റെ എട്ട് ദിവസത്തെ ഷോകളുടെ റെക്കോര്‍ഡ് മറികടന്നാണ് സലാര്‍ രണ്ടാമത് എത്തിയിരിക്കുന്നത്. എന്തായാലും സലാര്‍ വമ്പ് ഹിറ്റ് ചിത്രമായി മാറിയിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് പുതിയ റെക്കോര്‍ഡുകള്‍.

കെജിഎഫ് എന്ന വമ്പൻ ഹിറ്റിനറെ സംവിധായകൻ പ്രശാന്ത് നീലിനൊപ്പം ബാഹുബലി നായകൻ പ്രഭാസ് എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. ആ പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമാണ് പ്രഭാസ് ചിത്രം നേടുന്നത്. തെലുങ്കില്‍ മാത്രമല്ല ഉത്തരേന്ത്യയിലാകെ പ്രഭാസ് ചിത്രത്തിന് സ്വീകാര്യത ലഭിക്കുന്നു എന്നതാണ് സലാറിന്റെ വിജയത്തിന്റ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്. പ്രഭാസിന് ഒരു പാൻ ഇന്ത്യൻ താരം എന്ന നിലയില്‍ ലഭിച്ച സ്വീകാര്യതയും സംവിധായകൻ പ്രശാന്ത് നീലിലുള്ള വിശ്വാസവും സലാറിന്റെ വമ്പൻ വിജയത്തിന് കാരണമായിട്ടുണ്ടാകും.

മാസ് അപ്പീലുള്ള നായക കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പ്രഭാസ് വേഷമിട്ടിരിക്കുന്നത്. സലാര്‍ നായകൻ പ്രഭാസ് ആക്ഷൻ രംഗങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. നായകന്റെ അടുത്ത സുഹൃത്തായി സലാര്‍ സിനിമയില്‍ മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജും വേഷമിട്ടിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വര്‍ദ്ധരാജ മാന്നാറായെത്തിയ പൃഥ്വിരാജ് ഇമോഷണല്‍ രംഗങ്ങളിലടക്കം മികച്ചു നില്‍ക്കുന്നു എന്നാണ് സലാര്‍ കണ്ടവരുടെ മിക്കവരുടെയും അഭിപ്രായങ്ങളും.

Read More: മമ്മൂട്ടിയും മോഹൻലാലുമല്ല, ഓപ്പണിംഗില്‍ ആ സൂപ്പര്‍താരം ഒന്നാമൻ, എക്കാലത്തെയും മൂന്നാമൻ ഡാര്‍ലിംഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക