മാരുതിയാണ് ചിത്രത്തിന്‍റെ സംവിധാനം
സിനിമകളുടെ ബോക്സ് ഓഫീസ് വിജയ സാധ്യത പ്രവചിക്കുക തീര്‍ത്തും അസാധ്യമായ കാലത്ത് നിര്‍മ്മാതാക്കള്‍ക്ക് ഏറെക്കുറെ മിനിമം ഗ്യാരന്‍റി നല്‍കുന്ന ഒരു ജോണര്‍ ഉണ്ട്. ഹൊറര്‍ കോമഡി ആണ് അത്. തമിഴിലും ഹിന്ദിയിലുമാണ് ഈ ഗണത്തില്‍ പെടുന്ന ചിത്രങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ ഏറ്റവുമധികം തവണ എത്തിയിട്ടുള്ളത്. ഇപ്പോഴിതാ തെലുങ്കിലും അത്തരത്തില്‍ ഒരു ചിത്രം എത്താന്‍ തയ്യാറെടുക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായ പ്രഭാസ് നായകനാവുന്ന ദി രാജാ സാബ് എന്ന ചിത്രമാണ് അത്.
പ്രഭാസ് നായകനാവുന്ന ചിത്രമായതുകൊണ്ടുതന്നെ പ്രഖ്യാപന സമയം മുതല്‍ക്കേ പ്രേക്ഷക ശ്രദ്ധയിലുള്ള ചിത്രമാണിത്. ഒരു പ്രഭാസ് ചിത്രം ആയതിനാല്‍ത്തന്നെ ഇന്ത്യ മുഴുവനുമുള്ള സിനിമാ പ്രേമികളെ നിര്‍മ്മാതാക്കള്‍ ലക്ഷം വെക്കും എന്നത് ഉറപ്പാണ്. അതിനാല്‍ത്തന്നെ സിനിമയുടെ കാന്‍വാസും വലുതാവും. ഇപ്പോഴിതാ ചിത്രത്തിന്‍റെ വലിപ്പത്തെക്കുറിച്ച് സൂചന നല്‍കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുകയാണ്. ചിത്രീകരണത്തിനായി തയ്യാറാക്കിയ സെറ്റിന്‍റെ വലിപ്പത്തിലാണ് ദി രാജാ സാബ് വാര്‍ത്തകളില്‍ നിറയുന്നത്.
ഒരു ഹവേലിയാണ് ചിത്രത്തിന്‍റെ കഥപറച്ചിലിന്‍റെ പ്രധാന കേന്ദ്രം. ഇതിന്‍റെ വലിപ്പം 41,256 ചതുരശ്രയടി ആണെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. കലാസംവിധായകന്‍ രാജീവന്‍ നമ്പ്യാര്‍ ആണ് സെറ്റിന് പിന്നില്‍. സെറ്റ് ഇട്ടിരിക്കുന്ന ഈ ഹവേലി ചിത്രത്തിന്‍റെ ഒരു കേവല പശ്ചാത്തലം അല്ലെന്നും മറിച്ച് പ്രേക്ഷകര്‍ക്ക് അത്രയും ആഴത്തിലുള്ള അനുഭവം പകരുന്ന ഒന്നാവുമെന്നുമാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കാണാന്‍ ഭംഗിയുള്ള ഒന്ന് ഉണ്ടാക്കിയിരിക്കുകയല്ല. സൗന്ദര്യത്തേക്കാള്‍ കാണുന്നയാള്‍ക്ക് അകപ്പെട്ടതായി തോന്നിപ്പിക്കണം ഈ സ്ഥലം എന്നായിരുന്നു ഞങ്ങള്‍ക്ക്. അതിനാണ് ശ്രമിച്ചിട്ടുള്ളത്, രാജിവനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആദ്യമായി എത്തിച്ചേരുന്ന സമയത്ത് തന്നെ നിങ്ങളെ വലിച്ചുകൊണ്ട് പോകുന്ന ഒരു ഇടം. അതിലെ നടന്നുപോകുന്ന ഒരാളെപ്പോലെ കാണിക്കും അനുഭവപ്പെടുന്ന ഒരിടം. ഭയത്തെ സൃഷ്ടിച്ചെടുക്കാനായി കെട്ടിടത്തിന്‍റെ ഓരോ ഭാഗങ്ങളും ശ്രദ്ധാപൂര്‍വ്വമാണ് നിര്‍മ്മിച്ചത്. ഒരു സെറ്റ് എന്നതിനേക്കാള്‍ കഥ പറച്ചിലിനുള്ള ഇടം എന്ന നിലയ്ക്കാണ് അണിയറക്കാര്‍ ഈ ഹവേലിയെ കണ്ടിരിക്കുന്നത്.
മാരുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിധി കുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ ടീസര്‍ ഇന്ന് എത്തും. പീപ്പിള്‍ മീഡിയ ഫാക്റ്ററിയുടെ ബാനറില്‍ വിശ്വ പ്രസാദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഡിസംബര്‍ 5 ന് എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും ഒപ്പം ഹിന്ദിയിലുമായി ചിത്രം തിയറ്ററുകളില്‍ എത്തും. തമന്‍ എസ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍.

