സിനിമയിലെ ഓള്‍റൗണ്ടര്‍ ആയ പ്രഭുദേവ രണ്ടാമത് വിവാഹത്തിനൊരുങ്ങുന്നതായ ഊഹാപോഹങ്ങള്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സഹോദരിയുടെ മകളുമായി താരം പ്രണയത്തിലാണെന്നും ഇരുവരും അടുത്തുതന്നെ വിവാഹിതരാകുമെന്നുമായിരുന്നു പ്രചരണം. എന്നാല്‍ പ്രഭുദേവയുടെ വിവാഹം ഇതിനകം നടന്നുവെന്നും എന്നാല്‍ പ്രചരിച്ചതുപോലെ സഹോദരിയുടെ മകളല്ല വധുവെന്നും പുതിയ റിപ്പോര്‍ട്ട്. മറിച്ച് ബിഹാര്‍ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റിനെയാണ് താരം വിവാഹം ചെയ്തതെന്ന് താരവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നടുവേദനയുടെ ചികിത്സയുടെ ഭാഗമായാണ് പ്രഭുദേവ ഫിസിയോതെറാപ്പിസ്റ്റിനെ കണ്ടുമുട്ടിയതെന്നും പിന്നീട് അത് അടുപ്പത്തിലേക്ക് മാറുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പ്രഭുദേവയുടെ മുംബൈയിലെ വസതിയില്‍ വച്ചായിരുന്ന വിവാഹമെന്നും ഇരുവരും ഇപ്പോള്‍ ചെന്നൈയിലാണ് ഉള്ളതെന്നും വാര്‍ത്തയിലുണ്ട്. എന്നാല്‍ പ്രഭുദേവയോ അദ്ദേഹത്തിന്‍റെ ഓഫീസോ വാര്‍ത്തയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വധുവിന്‍റെ പേരോ ചിത്രങ്ങളോ ഒന്നും പുറത്തുവന്നിട്ടുമില്ല. 

റംലത്ത് ആണ് പ്രഭുദേവയുടെ ആദ്യ ഭാര്യ. 1995ലാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തിലെ മൂന്നു മക്കളില്‍ മൂത്ത മകന്‍ കാന്‍സര്‍ ബാധിച്ച് 2008ല്‍ മരണപ്പെട്ടിരുന്നു. പില്‍ക്കാലത്ത് നയന്‍താരയുമായി പ്രഭുദേവയ്ക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റംലത്തില്‍ നിന്ന് പ്രഭുദേവ വിവാഹമോചനം നേടുകയും ചെയ്തിരുന്നു. 

സല്‍മാന്‍ ഖാനെ നായകനാക്കി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം 'രാധെ: ദി മോസ്റ്റ് വാണ്ടഡ് ഭായ്' ആണ് പ്രഭുദേവയുടേതായി പുറത്തുവരാനുള്ള ചിത്രം. പൊന്‍ മാണിക്കവേല്‍, യംഗ് മംഗ് സംഗ്, ഊമൈ വിഴിഗള്‍, ഭഗീര തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിക്കുന്നുമുണ്ട്.