Asianet News MalayalamAsianet News Malayalam

ദൃശ്യം 2ന്‍റെ ഭാഗമാവാന്‍ കൊതിച്ചിരുന്നു, പക്ഷേ ആ എസ്ഐ സ്ഥലംമാറി പോയിരുന്നു: പ്രദീപ് ചന്ദ്രന്‍

'ദൃശ്യത്തിന്‍റെ രണ്ടാം ഭാഗം കണ്ടപ്പോള്‍ അതിന്‍റെയും ഒരു ഭാഗമാകാൻ കൊതിച്ചിരുന്നു. നിർഭാഗ്യവശാൽ..'

pradeep chandran about drishyam 2
Author
Thiruvananthapuram, First Published Feb 20, 2021, 8:17 PM IST

ആദ്യഭാഗത്തില്‍ ഉണ്ടായിരുന്ന ചില കഥാപാത്രങ്ങളെ ഒഴിവാക്കിയും ചില പുതിയ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയുമാണ് ജീത്തു ജോസഫ് 'ദൃശ്യം 2' ഒരുക്കിയത്. ഒഴിവാക്കിയതില്‍ പ്രധാന കഥാപാത്രങ്ങളിലൊന്ന് കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച 'സഹദേവന്‍' എന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ആണ്. ഇപ്പോഴിതാ ദൃശ്യം 2ല്‍ ഉള്‍പ്പെടാതെ പോയതിലുള്ള വിഷമം പങ്കുവെക്കുകയാണ് ആദ്യഭാഗത്തില്‍ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രദീപ് ചന്ദ്രന്‍. ക്ലൈമാക്സ് സീനില്‍ രാജാക്കാട് പൊലീസ് സ്റ്റേഷനില്‍ ജോര്‍ജുകുട്ടി ഒപ്പിടാന്‍ വരുമ്പോള്‍ അവിടെയുള്ള പുതിയ എസ്‍ഐ ആയിരുന്നു പ്രദീപ് ചന്ദ്രന്‍റെ കഥാപാത്രം. ആഗ്രഹമുണ്ടായിരുന്നെങ്കിലും 'ദൃശ്യം 2'ല്‍ എന്തുകൊണ്ട് അഭിനയിക്കാനായില്ല എന്നതിന്‍റെ കാരണവും പ്രദീപ് പറയുന്നു.

pradeep chandran about drishyam 2

 

പ്രദീപ് ചന്ദ്രന്‍ പറയുന്നു

'ദൃശ്യം' എന്ന സിനിമ എന്നേ സംബന്ധിച്ചിടത്തോളം എന്‍റെ സിനിമാ ജീവിതത്തിലെ എക്കാലത്തെയും നാഴിക്കല്ലാണ്. അവസാനത്തെ ആ ഒരു സീൻ ആണെങ്കിൽപ്പോലും ആ സിനിമയിലെ ഏറ്റവും ത്രില്ലിംഗ് ആയ സീൻ എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു. അത് എന്നെ ഏൽപ്പിച്ച ഡയറക്ടർ ജീത്തു ജോസഫ് സാർ, ആന്‍റണി ചേട്ടൻ, പിന്നെ ലാൽ സാർ എന്നിവരെ ബഹുമാനപൂർവ്വം സ്മരിക്കുന്നു. ദൃശ്യത്തിന്‍റെ രണ്ടാം ഭാഗം കണ്ടപ്പോള്‍ അതിന്‍റെയും ഒരു ഭാഗമാകാൻ കൊതിച്ചിരുന്നു. നിർഭാഗ്യവശാൽ ആ സിനിമയിൽ എന്‍റെ വേഷംമായ സബ് ഇൻസ്‌പെക്ടർ പ്രൊമോഷനായി വേറെ ഏതോ സ്ഥലത്തു സ്ഥലം മാറ്റം കിട്ടി പോയതായതു കൊണ്ട് ഇതിൽ  ഉൾപ്പെടുത്താൻ കഴിയുന്നതല്ല എന്ന് അറിയാൻ കഴിഞ്ഞു. ഏതായാലും സിനിമ കാണുമ്പോ ഉണ്ടായ ത്രില്ലും ആങ്‌സൈറ്റിയും  ഒരിക്കലും മറക്കാൻ പറ്റില്ല, കാരണം അതിന്‍റെ ബ്രില്ല്യൻസ് തന്നെ. ഗംഭീര എഴുത്തിനും സംവിധാനത്തിനും ജീത്തു ജോസഫ് സാറിന് അഭിനന്ദനങ്ങള്‍. ലാൽ സാർ സൂക്ഷ്മാഭിനയം എന്നത് ഒന്നുകൂടി നമ്മളെ പഠിപ്പിക്കുന്നു. 

Follow Us:
Download App:
  • android
  • ios