ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായുള്ള അനൗപചാരിക ഉച്ചകോടിയുടെ വേദിയായ മാമല്ലപുരത്തെ കടല്‍ത്തീരത്തുനിന്നുള്ള ഒരു വീഡിയോ പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ട്വീറ്റ് ചെയ്തിരുന്നു. പ്രഭാതസവാരിയ്ക്കിടെ അവിടുത്തെ കടല്‍ത്തീരം വൃത്തിയാക്കുന്നതിന്റെ വീഡിയോ ആയിരുന്നു അത്. രാവിലെ 30 മിനിറ്റ് നീണ്ട പ്രഭാതസവാരിക്കിടെ തീരത്തടിഞ്ഞ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കംചെയ്‌തെന്നും അദ്ദേഹം ഒപ്പം കുറിച്ചു. വൈറല്‍ ആയ വീഡിയോ പങ്കുവച്ച്, ഒപ്പം പ്രധാനമന്ത്രിയെ പരോക്ഷമായി പരിഹസിക്കുകയാണ് നടന്‍ പ്രകാശ് രാജ്.

നമ്മുടെ നേതാവിന്റെ സുരക്ഷ എവിടെയെന്നും വിദേശസംഘം എത്തിയിരിക്കുന്ന സമയത്ത് ബന്ധപ്പെട്ട അധികൃതര്‍ എന്തുകൊണ്ട് പ്രദേശം വൃത്തിയാക്കിയില്ലെന്നും പ്രകാശ് രാജ് ചോദിക്കുന്നു. 'എവിടെയാണ് നമ്മുടെ നേതാവിന്റെ സുരക്ഷ? പ്രദേശം വൃത്തിയാക്കാന്‍ അദ്ദേഹത്തെ ഒറ്റയ്ക്ക്, ഒരു ക്യാമറാമാനൊപ്പം അയച്ചത് എന്തിനാണ്? വിദേശത്തുനിന്ന് ഒരു സംഘം എത്തിയിരിക്കുമ്പോള്‍ ഈ സ്ഥലം വൃത്തിയാക്കാതെയിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് എങ്ങനെ ധൈര്യം വന്നു?' വീഡിയോയ്‌ക്കൊപ്പം പ്രകാശ് രാജ് കുറിച്ചു.

പ്രകാശ് രാജിന്റെ പരാമര്‍ശവും ട്വിറ്ററില്‍ വലി ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. എണ്ണായിരത്തിലേറെ ലൈക്കുകളും രണ്ടായിരത്തിലേറെ ഷെയറുകളും ഈ ട്വീറ്റിന് ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും കടുത്ത വിമര്‍ശകനായ പ്രകാശ് രാജ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച അദ്ദേഹം പരാജയം ഏറ്റുവാങ്ങുകയായിരുന്നു.