മമ്മൂട്ടിക്കൊപ്പം നയന്‍താര നായികയായി, 2005ല്‍ പുറത്തെത്തിയ ചിത്രമായിരുന്നു തസ്‍ക്കരവീരന്‍. ഇപ്പോഴിതാ 15 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന് രണ്ടാംഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ഇരട്ട സംവിധായകരായ പ്രമോദ് പപ്പന്‍. പ്രമോദ് പപ്പനിലെ പ്രമോദ് 'ദ ക്യു'വിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ചിത്രത്തിനായി ഡെന്നിസ് ജോസഫ് ആണ് തിരക്കഥയൊരുക്കുന്നതെന്നും കുറച്ചുകഴിഞ്ഞ് മമ്മൂട്ടിയെ നേരില്‍കണ്ട് ഇക്കാര്യം സംസാരിക്കണമെന്നാണ് കരുതുന്നതെന്നും പ്രമോദ് പറയുന്നു. മമ്മൂട്ടി തന്നെ നായകനായ മറ്റൊരു ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയവരാണ് പ്രമോദ് പപ്പന്‍. 2004ല്‍ പുറത്തെത്തിയ 'വജ്രം' ആയിരുന്നു ആ ചിത്രം. 

 

മമ്മൂട്ടി നായകനായ രണ്ട് സിനിമകള്‍ കൂടാതെ കലാഭവന്‍ മണി നായകനായ ബ്ലാക്ക് സ്റ്റാല്യണ്‍, റഹ്മാന്‍ നായകനായ മുസാഫിര്‍, കലാഭവന്‍ മണിയും റഹ്മാനും ഒരുമിച്ച എബ്രഹാം ആന്‍ഡ് ലിങ്കണ്‍, ഉണ്ണി മുകുന്ദന്‍ നായകനായ ബാങ്കോക്ക് സമ്മര്‍ എന്നിവയും ഈ സംവിധായകരുടേതായി പുറത്തെത്തിയിട്ടുണ്ട്. 'പ്രമോദ് പാപ്പനിക് അപ്രോച്ച്' എന്നാണ് സ്വന്തം സിനിമകളുടെ ശൈലിയെ ഈ സംവിധായകര്‍ വിശേഷിപ്പിക്കാറ്.