കാല്‍ സെല്‍ഫിയിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ കലാകാരനാണ് പ്രണവ്.  മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ എത്തിയപ്പോഴായിരുന്നു പ്രണവ് ശ്രദ്ധ നേടിയത്. ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തു. ഇപ്പോഴിതാ പ്രണവിനെ മോഹൻലാല്‍ കാണാനെത്തിയതാണ് വാര്‍ത്ത. പ്രണവ് മോഹൻലാലിനൊപ്പം ഫോട്ടോ എടുക്കുകയും ഒരു സമ്മാനം സമ്മാനിക്കുകയും ചെയ്‍തു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനായിരുന്നു പ്രണവ് മുഖ്യമന്ത്രിയെ കണ്ടത്. കൈകള്‍ ഇല്ലാത്ത പ്രണവ് അന്ന് മുഖ്യമന്ത്രിക്കൊപ്പം, കാല്‍കൊണ്ട് സെല്‍ഫിയെടുത്തത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ മോഹൻലാലിനെ കണ്ടപ്പോഴും പ്രണവ് കാലുകൊണ്ട് സെല്‍ഫി എടുത്തു. താൻ കാലുകൊണ്ട് വരച്ച ഒടിയൻ മാണിക്യത്തിന്റെ ചിത്രം പ്രണവ് മോഹൻലാലിന് സമ്മാനിക്കുകയും ചെയ്‍തു. പ്രണവിന്റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞതിനു ശേഷമാണ് മോഹൻലാല്‍ മടങ്ങിയത്.