കെജിഎഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാകാൻ പ്രഭാസ്. 'സലാർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ജനുവരി 15ന് ആരംഭിക്കും. ബാഹുബലി നായകൻ പ്രഭാസിന്റെ ആരാധകർക്കിടയിൽ ഈ ചിത്രത്തിന്റെ പ്രഖ്യാപനം വളരെയധികം ആവേശം ഉണ്ടാക്കിയിട്ടുണ്ട്. 

ജനുവരി അവസാന വാരത്തോടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖരടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടക്കുക. കർണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത്നാരായണൻ സി.എൻ, സംവിധായകൻ എസ്എസ് രാജമൗലി, നടൻ യഷ് എന്നിവരാണ് വിശിഷ്ടാതിഥികൾ. സലാർ ടീം അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും.

പ്രഭാസിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും സലാറിലേതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഹോംബാലെ ഫിലിംസ് ആണ് സലാർ ഒരുക്കുന്നത്.

ഹോംബാലെ ഫിലിംസ്, പ്രശാന്ത് നീൽ എന്നിവരൊന്നിക്കുന്ന കെജിഎഫ് തെന്നിന്ത്യയിൽ വൻ വിജയം നേടിയ ചിത്രമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കെജിഎഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്.