ഉണ്ണി ആറിന്റെ ലഘുനോവല്‍ 'പ്രതി പൂവന്‍കോഴി' സിനിമയാവുന്നു. 'കായംകുളം കൊച്ചുണ്ണി'ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. ലഘുനോവലിന്റെ അതേപേരിലാണ് സിനിമയും എത്തുക. ഉണ്ണിയുടേത് തന്നെയാണ് തിരക്കഥ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം. സിനിമയുടെ ചിത്രീകരണം സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും.

'ഹൗ ഓള്‍ഡ് ആര്‍ യൂ'വിന് ശേഷം പ്രിയ സുഹൃത്ത് റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന സിനിമയുടെ ഭാഗമാവുന്നതില്‍ ഏറെ സന്തോഷവും പ്രതീക്ഷയുമുണ്ടെന്ന് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് മഞ്ജു മടങ്ങിവന്ന ചിത്രമായിരുന്നു 2014ല്‍ പുറത്തെത്തിയ 'ഹൗ ഓള്‍ഡ് ആര്‍ യൂ'.

സമകാലിക ഇന്ത്യന്‍ ദേശീയതയുടെ പൊള്ളത്തരങ്ങളെ നാടോടിക്കഥയുടെ രൂപത്തില്‍ അവതരിപ്പിക്കുന്ന നോവലാണ് പ്രതി പൂവന്‍കോഴി. ജി ബാലമുരുകനാണ് ഛായാഗ്രഹണം. ഗോപി സുന്ദര്‍ സംഗീത സംവിധാനം.