റൊമാന്‍റിക് കോമഡികളിലെ ഏറ്റവും വലിയ വിജയം; 'പ്രേമലു' ഉണ്ടായത് ഇങ്ങനെ: മേക്കിംഗ് വീഡിയോ
ഭാവന സ്റ്റുഡിയോസിന്‍റെ യുട്യൂബ് ചാനലിലൂടെ പുറത്തെത്തിയ വീഡിയോ
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളിലൊന്നായിരുന്നു പ്രേമലു. നസ്‍ലെന്‍, മമിത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം റിലീസിന് മുന്‍പുതന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രം എന്നതായിരുന്നു അതിന് പ്രധാന കാരണം. ഫെബ്രുവരി 9 ന് പുറത്തെത്തിയ ചിത്രത്തിന് ആദ്യദിനം തന്നെ പ്രേക്ഷകരില്‍ നിന്ന്, വിശേഷിച്ചും യുവാക്കളില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. അത് വാരങ്ങളോളം തുടര്‍ന്നതോടെ ചിത്രം 100 കോടി ക്ലബ്ബും പിന്നിട്ട് കുതിച്ചു. ഇപ്പോഴിതാ ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ ഭാവന സ്റ്റുഡിയോസ്.
ഭാവന സ്റ്റുഡിയോസിന്‍റെ യുട്യൂബ് ചാനലിലൂടെ പുറത്തെത്തിയിരിക്കുന്ന വീഡിയോയ്ക്ക് 7.22 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ഹ്യൂമര്‍ ചിത്രീകരിക്കുന്ന സമയത്തുതന്നെ തലയറഞ്ഞ് ചിരിക്കുന്ന ഗിരീഷ് എഡിയെയും സംഘത്തെയും വീഡിയോയില്‍ കാണാം. മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധ നേടിയ ചിത്രമാണ് പ്രേമലു. മലയാളം പതിപ്പ് തന്നെ മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രം വന്‍ വിജയമായതിന് പിന്നാലെ ആദ്യം തെലുങ്ക് പതിപ്പും പിന്നീട് തമിഴ് പതിപ്പും അതത് സംസ്ഥാനങ്ങളില്‍ എത്തി. അവയും മികച്ച കളക്ഷന്‍ നേടി.
മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് നിലവില്‍ പ്രേമലു. ചിത്രത്തിന്‍റെ വിജയാഘോഷ വേദിയില്‍ വച്ചായിരുന്നു പ്രേമലു 2 ന്‍റെ സര്‍പ്രൈസ് പ്രഖ്യാപനം. ആദ്യ ഭാഗം മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധ നേടിയിരുന്നതിനാല്‍ രണ്ടാം ഭാഗം വലിയ കാത്തിരിപ്പാണ് ഉയര്‍ത്തുന്നത്.
ALSO READ : വന്‍ താരനിര; എം എ നിഷാദിൻ്റെ 'ഒരു അന്വേഷണത്തിൻ്റെ തുടക്കം' ആരംഭിച്ചു