64-ാം ദിവസം ഒടിടിയില്‍ മലയാളത്തിന്‍റെ ബമ്പര്‍ ഹിറ്റ്; 'പ്രേമലു' സ്ട്രീമിംഗ് ആരംഭിച്ചു
ഫെബ്രുവരി 9 ന് തിയറ്ററുകളിലെത്തിയ ചിത്രം
മലയാള സിനിമയിലെ ബമ്പര്‍ ഹിറ്റ് ആയി മാറിയ യുവതാര ചിത്രം പ്രേമലു ഒടിടിയില്‍. ഫെബ്രുവരി 9 ന് തിയറ്ററുകളിലെത്തിയ ചിത്രം 64-ാം ദിവസമാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. മലയാളം ഒറിജിനലിന് പുറമെ തമിഴ്, ഹിന്ദി മൊഴിമാറ്റ പതിപ്പുകളും ഹോട്ട്സ്റ്റാറില്‍ ലഭ്യമാണ്. എന്നാല്‍ ചിത്രത്തിന്‍റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് അഹ വീഡിയോയിലാണ് ലഭ്യമായിരിക്കുന്നത്. അഹ വീഡിയോയിലൂടെ തെലുങ്ക് പതിപ്പും നിലവില്‍ കാണാനാവും.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ഗിരീഷ് എ ഡി ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ ഭേദപ്പെട്ട പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു പ്രേമലു. നസ്‍ലെനും മമിതയുമാണ് കേന്ദ്രകഥാപാത്രങ്ങളെന്നതും ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രമാണ് എന്നതും ഹൈപ്പ് നല്‍കിയ ഘടകങ്ങളായിരുന്നു. ആദ്യദിനം തന്നെ പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ ആഴ്ചകളോളം ചിത്രം തിയറ്ററില്‍ ആളെ നിറച്ചു. കേരളത്തിനൊപ്പം തമിഴ്നാട്ടിലും തെലുങ്ക് സംസ്ഥാനങ്ങളിലും ചിത്രം പ്രേക്ഷകശ്രദ്ധയും കളക്ഷനും നേടിയിരുന്നു. മലയാളം പതിപ്പ് തന്നെ അവിടങ്ങളില്‍ സ്വീകരിക്കപ്പെട്ടതിന് പിന്നാലെ തമിഴ്, തെലുങ്ക് പതിപ്പുകളും പ്രദര്‍ശനത്തിനെത്തി. ചെറിയ ബജറ്റിലെത്തിയ ചിത്രം 100 കോടി ക്ലബ്ബും കടന്ന് മുന്നേറിയിരുന്നു.
യുവതലമുറയെ ടാര്‍ഗറ്റ് ഓഡിയന്‍സ് ആക്കിയ സിനിമ മറ്റ് വിഭാഗം പ്രേക്ഷകരെയും രസിപ്പിച്ചു എന്നതാണ് വലിയ വിജയത്തിലേക്ക് പോകാന്‍ കാരണം. സമീപകാല മലയാള സിനിമയില്‍ ഏറ്റവുമധികം റിപ്പീറ്റ് ഓഡിയന്‍സ് എത്തിയതും പ്രേമലുവിനാണ്. നസ്‍ലെന്‍റെയും മമിതയുടെയും താരമൂല്യം ഉയര്‍ത്തിയ ചിത്രം മറ്റ് ഒരുപിടി അഭിനേതാക്കള്‍ക്കും മികച്ച ബ്രേക്ക് സമ്മാനിച്ചു.
ALSO READ : രണ്ടര മണിക്കൂര്‍ ഫണ്‍ റൈഡിന് ക്ഷണിച്ച് ഫഹദും പിള്ളേരും; 'ആവേശം' റിവ്യൂ