ഫഹദ് നായകനാകുന്ന പുതിയ ചിത്രം.

പ്രേക്ഷകർ ഏറ്റെടുത്ത '96', 'മെയ്യഴകൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴ് സംവിധായകൻ സി. പ്രേംകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിലും റിലീസ് തീയതിയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. മലയാളത്തിന്‍റെ പ്രിയതാരം ഫഹദ് ഫാസിൽ നായകനാകുന്ന ഈ ചിത്രത്തിന് 'അശരീരി' എന്നാണ് പേരിട്ടിരിക്കുന്നത്. 2027 ജനുവരി ഒന്നിന് പുതുവത്സര റിലീസായി ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും സ്വാഭാവിക അഭിനയത്തിലൂടെയും ശ്രദ്ധേയനായ ഫഹദ് ഫാസിൽ ആദ്യമായി സി. പ്രേംകുമാറിനൊപ്പം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'അശരീരി'ക്കുണ്ട്. ശിവദ, ചേതൻ, ഗീത, ഹരീഷ് ഉത്തമൻ, കരുണാകരൻ, ശരൺ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

View post on Instagram
 

വേൽസ് ഫിലിംസ് ഇന്‍റർനാഷണലിന്‍റെ ബാനറിൽ ഡോ.ഇഷാരി കെ ഗണേഷ് മൺസൂൺ മൂവീസുമായാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഭാവന റിലീസ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കും. ഏറെ പ്രേക്ഷകശ്രദ്ധയാർജ്ജിച്ച ഹൃദയസ്പർശിയായ ഫീൽഗുഡ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള പ്രേംകുമാറിന്‍റെ പുതിയ ചിത്രം പക്ഷേ അദ്ദേഹം ഇതുവരെ ചെയ്യാത്തൊരു ജോണറിലാണെന്നാണ് ടൈറ്റിൽ വീഡിയോ നൽകിയിരിക്കുന്ന സൂചന. സംഗീതം: ഗോവിന്ദ് വസന്ത, ഛായാഗ്രഹണം: മഹേന്ദിരൻ ജയരാജു, എഡിറ്റിംഗ്: ആർ. ഗോവിന്ദരാജ്, ആക്ഷൻ: മഹേഷ് മാത്യു, പ്രൊഡക്ഷൻ ഡിസൈൻ: കുമാർ ഗംഗപ്പൻ, തെലുങ്ക് വിതരണം: ഷോയിംഗ് ബിസിനസ് (എസ്.എസ്. കാർത്തികേയ).