'ദൃശ്യം 2'ന്‍റെ ആമസോണ്‍ പ്രൈം റിലീസ് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയുള്ള മലയാള സിനിമാ റിലീസുകള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. കൊവിഡ് സാഹചര്യം അനിശ്ചിതമായി തുടരുന്നതിനിടെ 'ദൃശ്യം 2' നിര്‍മ്മാതാക്കള്‍ ഒടിടി റിലീസിലേക്ക് ചുവടുമാറ്റുകയായിരുന്നു. അതേസമയം മലയാള സിനിമാ റിലീസിനുവേണ്ടി പുതിയൊരു ഒടിടി പ്ലാറ്റ്ഫോമും പുതുതായി എത്തിയിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചയും ഒരു പുതിയ മലയാളം സിനിമ എന്ന അവകാശവാദവുമായി എത്തിയിരിക്കുന്ന പ്രൈം റീല്‍സ് ആണ് ഈ പ്ലാറ്റ്ഫോം.

'ദൃശ്യം 2' ഒടിടി റിലീസ് സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പ്രൈം റീല്‍സ് എംഡി ആയ തോമസ് സെബാസ്റ്റ്യനും പങ്കെടുത്തിരുന്നു. നിശ്ചിത ബജറ്റിലുള്ള സിനിമകളാണ് തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയെന്നും ഇത് നിര്‍മ്മാതാക്കള്‍ക്കും ലാഭകരമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "ഇനിയുള്ള കാലം ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് വളരെയധികം പ്രാധാന്യം കൊടുക്കേണ്ട സമയമാണെന്നാണ് തോന്നുന്നത്. പ്രൈം റീല്‍സിലൂടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന നിര്‍മ്മാതാക്കളെ സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു പ്ലാനാണ് ഞങ്ങള്‍ മുന്നോട്ടുവെക്കുന്നത്. ഒരു കോടി-ഒന്നക്കോടിയില്‍ പൂര്‍ത്തിയാവുന്ന പ്രോജക്ടുകളാണ് ഞങ്ങള്‍ റിലീസ് ചെയ്യുക. നിര്‍മ്മാതാവിന് സാമ്പത്തിക ഭദ്രത ഉറപ്പുതരുന്ന പാക്കേജ് ആവും ഞങ്ങള്‍ നല്‍കുക", തോമസ് സെബാസ്റ്റ്യന്‍ പറയുന്നു.

 

അതേസമയം പ്രൈം റീല്‍സിലൂടെയുള്ള ആദ്യ ചിത്രം ഇന്ന് റിലീസ് ആയി. പ്രൊഫ. സതീഷ് പോള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച്, സൈജു കുറുപ്പ് നായകനായെത്തുന്ന 'ഗാര്‍ഡിയന്‍' എന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് ഇത്. ജയ് ജിതിൻ സംവിധാനം ചെയ്ത്  ദുർഗ കൃഷ്ണയും അർജുൻ  നന്ദകുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കൺഫെഷൻസ്  ഓഫ് എ  കുക്കു' (ജനുവരി 8), സുരാജ് വെഞ്ഞാറമൂട്, എം എ നിഷാദ്, സുധീർ കരമന, അനു ഹസൻ, പാർവതി രതീഷ്  എന്നിവർ അഭിനയിക്കുന്ന 'വാക്ക്' (ജനുവരി 15), ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവർ  പ്രധാന വേഷങ്ങളിൽ എത്തുന്ന 'സുമേഷ് ആൻഡ് രമേഷ്' (ജനുവരി 22) എന്നിവയാണ് പ്രൈം റീല്‍സിലൂടെ പ്രദര്‍ശനത്തിനെത്താനിരിക്കുന്ന മറ്റു ചിത്രങ്ങള്‍. ആന്‍ഡ്രോയ്‍ഡ്, ഐ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്ലിക്കേഷനിലൂടെയും www.primereels.com എന്ന വെബ്സൈറ്റിലൂടെയും ചിത്രങ്ങള്‍ കാണാമെന്ന് അണിയറക്കാര്‍ പറയുന്നു. കൊച്ചി ഇൻഫോപാർക്ക്‌ ആസ്ഥാനമായ ഐയോണ്‍ ന്യൂ റിലീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ സംരഭത്തിനു പിന്നിൽ.