Asianet News MalayalamAsianet News Malayalam

സൈനയുടെ വീട്ടില്‍ പോയി ജീവിതം അറിയാൻ പരിനീതി ചോപ്ര

ഒരു ദിവസം അവര്‍ ജീവിക്കുന്നതുപോലെ ജീവിക്കണം, അവര്‍ ഭക്ഷണം കഴിക്കുന്നതു പോലെ കഴിക്കണം- പരിനീതി ചോപ്ര പറയുന്നു.

 

Prineeti Chopra visit Saina Nehwals house
Author
Mumbai, First Published Oct 28, 2019, 3:58 PM IST

ഇന്ത്യൻ ബാഡ്‍മിന്റണ്‍ താരം സൈന നെഹ്‍വാളിന്റെ ജീവിത കഥ സിനിമയാകുകയാണ്. പരിനീതി ചോപ്രയാണ് ചിത്രത്തില്‍ സൈനയായി അഭിനയിക്കുന്നത്. ശ്രദ്ധ കപൂറായിരുന്നു സൈനയാകാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. സൈനയെ മികവോടെ വെള്ളിത്തിരയില്‍ എത്തിക്കാൻ കഠിന പരിശീലനത്തിലാണ് പരിനീതി ചോപ്ര. സൈന നെഹ്‍വാളിന്റെ വീട്  സന്ദര്‍ശിക്കാൻ പോകുകയാണെന്ന് പരിനീതി ചോപ്ര പറയുന്നു.

എനിക്ക് സൈനയാകണം. അതുകൊണ്ട് തന്നെ അവരുടെ വീട്ടില്‍ പോകണം. അവര്‍ അങ്ങനെയാണ് ജീവിച്ചത് എന്ന് അറിയണം. പലതവണ നമ്മള്‍ കണ്ടിട്ടുണ്ട്. ഇത്തവണ അവരുടെ വീട്ടില്‍ പോകണം. ഒരു ദിവസം അവര്‍ ജീവിക്കുന്നതുപോലെ ജീവിക്കണം, അവര്‍ ഭക്ഷണം കഴിക്കുന്നതു പോലെ കഴിക്കണം. സൈനയ്‍ക്ക് നല്‍കുന്ന ഭക്ഷണം തന്നെ എനിക്കും നല്‍കാമെന്ന് അവരുടെ അമ്മ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സൈനയുടെ വീട്ടില്‍ ഒരു ദിവസം കഴിയാൻ പോകുന്നതിന്റെ ആവേശത്തിലാണ് ഞാൻ- പരിനീതി ചോപ്ര പറയുന്നു.  തനിക്ക് യോജിക്കുന്ന കഥാപാത്രമാണ് എന്ന് നേരത്തെ പരിനീതി ചോപ്ര പറഞ്ഞിരുന്നു. സംവിധായകനും ടീമും എനിക്ക് വേണ്ടതെല്ലാം ശരിയാക്കി തന്നു. ഫിസിയോ ടീമും പരിശീലകരും ഒപ്പമുണ്ടായിരുന്നു. സൈന എങ്ങനെയാണ് മത്സരങ്ങളില്‍ പ്രകടനം നടത്തുന്നത് എന്നതൊക്കെ മനസ്സിലാക്കി. ഞാൻ സന്തോഷവതിയാണ്, പക്ഷേ ആകാംക്ഷഭരിതയുമാണ്- പരിനീതി പോച്ര പറഞ്ഞിരുന്നു.

ഒരു സാങ്കല്‍പ്പിക കഥാപാത്രത്തെക്കാളും യഥാര്‍ഥ ജീവിതം സിനിമയില്‍ എത്തിക്കുന്നത് ആവേശകരമാണ്. സൈനയുടെ ജീവിതം അതേപടി സിനിമയില്‍ എത്തിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതുമാണ്. അവര്‍ കളിക്കുന്ന രീതി അതേപോലെ ചെയ്യാൻ ഒരുപാട് പരിശീലനം ആവശ്യമാണ്. പൂര്‍ണമായ ഒരു ജീവചരിത്ര സിനിമയായിരിക്കണം അതെന്ന് എനിക്ക് നിര്‍ബന്ധവുമുണ്ട്- പരിനീതി ചോപ്ര പറഞ്ഞിരുന്നു.

അതേസമയം മാനവ് കൌള്‍ ആയിരിക്കും ചിത്രത്തില്‍ സൈന നെഹ്‍വാളിന്റെ കഥാപാത്രത്തിന്റെ പരിശീലകനായി അഭിനയിക്കുക. പുല്ലേല ഗോപിചന്ദ് ആണ് സൈന നെഹ്‍വാളിന്റെ യഥാര്‍ത്ഥ പരിശീലകൻ. തുമാരി സുലുവില്‍ വിദ്യാ ബാലന്റെ ഭര്‍ത്താവിന്റെ വേഷത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് പരിശീലകനായി അഭിനയിക്കുന്ന മാനവ് കൌള്‍.

അമോല്‍ ഗുപ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios