ഒരു കുഞ്ഞിന്റെ ജീവിതത്തിൽ അച്ഛന്റെ പങ്ക് എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. തന്റെ മക്കൾക്ക് ജീവിതത്തിൽ ഏറ്റവും മികച്ചതിൽ വച്ച് മികച്ചത് നൽകാനാണ് ഓരോ അച്ഛനും ശ്രമിക്കുന്നത്. ഈ ഫാദേഴ്സ് ദിനത്തിൽ മകൾ അലംകൃത സമ്മാനിച്ച കത്ത് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. 

"ഡിയർ ഡാഡാ, നിങ്ങൾക്ക് ഒരു മികച്ച ദിവസം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടതാണെന്ന് എനിക്കറിയാം, നിങ്ങൾക്ക് ഒരു മികച്ച സമയം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു"അലംകൃത കത്തിൽ കുറിച്ചു. 

'കുറച്ചു ദിവസങ്ങളായി വളരെ വിഷമിച്ചിരിക്കുന്ന എന്നെയാണ് അവള്‍ കാണുന്നത്. എനിക്ക് സമ്മാനം നല്‍കുന്നതിനായി ഫാദേഴ്സ് ഡേ വരുന്നതും കാത്തിരിക്കുകയായിരുന്നു. അഞ്ച് വയസ്സുള്ളപ്പോൾ എന്‍റെ ഇംഗ്ലീഷിനെക്കാള്‍ എത്ര മികച്ചതാണ് അവളുടേതെന്ന് നോക്കൂ..' എന്ന കുറിപ്പോടെയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, അലംകൃതയുടെ ഇം​ഗ്ലീഷിനെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.   'അച്ഛന്റെ മോൾ തന്നെ എന്താ ആ ഇം​ഗ്ലീഷ്, വലുതാവുമ്പോ ഇംഗ്ലീഷ് ക്യാപ്ഷൻ ഇട്ട് ഞങ്ങൾക്ക് പണി തരും' എന്നൊക്കെയാണ് പോസ്റ്റിന് താഴേ വന്നിരിക്കുന്ന കമന്‍റുകള്‍.