മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫര്‍' മലയാളസിനിമയുടെ മുന്‍പുണ്ടായിരുന്ന വിപണി സാധ്യതകളെ വര്‍ധിപ്പിച്ച ചിത്രമായിരുന്നു. മലയാളസിനിമകള്‍ മുന്‍പ് റിലീസ് ചെയ്തിട്ടില്ലാത്ത ഇരുപതോളം രാജ്യങ്ങളിലാണ് ലൂസിഫര്‍ റിലീസ് ചെയ്യപ്പെട്ടത്. ഒപ്പം ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈ വലിയ തുകയ്ക്ക് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റും വാങ്ങി. 'ലൂസിഫര്‍' വാണിജ്യപരമായി മലയാളസിനിമയ്ക്ക് മുന്നില്‍ തുറന്നിട്ട വാണിജ്യസാധ്യതകള്‍ വരാനിരിക്കുന്ന വന്‍ റിലീസുകള്‍ തുടരുകതന്നെ ചെയ്യുമെന്ന് പൃഥ്വിരാജ്. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രം 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' നേടിയ വലിയ പ്രീ-റിലീസ് ബിസിനസിനെക്കുറിച്ച് പൃഥ്വിരാജ് നേരത്തേ സംസാരിച്ചിരുന്നു. 'മരയ്ക്കാരി'നൊപ്പം മമ്മൂട്ടി നായകനാവുന്ന 'മാമാങ്ക'വും അത്തരം സാധ്യതകള്‍ ഉപയോഗപ്പെടുന്ന ചിത്രമായിരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വി. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.

'റിലീസിന് മുന്‍പ് 'മരയ്ക്കാര്‍' എന്ന സിനിമ നേടിയത് നമുക്ക് ചിന്തിക്കാനാവാത്ത ബിസിനസ് ആണ്. ഞാനല്ല അതിന്റെ നിര്‍മ്മാതാവ് എന്നതുകൊണ്ട് തുക എത്രയെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ അത് എനിക്കറിയാം. നിര്‍മ്മാതാവ് എന്റെ സുഹൃത്താണ്. ലാലേട്ടനുമായും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് ഞാന്‍ ഇത് ഒരാളോട് പറഞ്ഞിരുന്നുവെങ്കില്‍ എനിക്ക് വട്ടാണെന്ന് പറഞ്ഞേനെ. മമ്മൂക്കയുടെ 'മാമാങ്ക'വും സമാനമായ രീതിയില്‍ വാണിജ്യപരമായ ഒരു നാഴികക്കല്ലാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് വലിയ ആവശ്യമാണ്. ഇത്തരം ബിഗ് ബജറ്റ് സിനിമകള്‍ ലാഭകരമാവുക സിനിമാവ്യവസായത്തിന് വലിയ ആവശ്യമാണ്', പൃഥ്വിരാജ് പറയുന്നു.

അതേസമയം പൃഥ്വിയുടേതായി തീയേറ്ററുകളിലെത്തിയ ഓണച്ചിത്രം 'ബ്രദേഴ്‌സ് ഡേ' ആണ്. കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ നാല് നായികമാരാണ് ഉള്ളത്. ഐശ്വര്യലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഹൈമ എന്നിവര്‍. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലാല്‍, ധര്‍മജന്‍ ബോല്‍ഗാട്ടി തുടങ്ങിയവരും പ്രധാന റോളുകളില്‍ എത്തുന്നു. കോമഡിയും ആക്ഷനും റൊമാന്‍സും ചേര്‍ന്ന കുടുംബചിത്രമാണ് 'ബ്രദേഴ്‌സ് ഡേ'.