ഒരുകാലത്ത് കടുത്ത സൈബര്‍ ആക്രമണം നേരിട്ട നടനാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ ഇംഗ്ലീഷ് ഉപയോഗവും അദ്ദേഹം പല ഘട്ടങ്ങളിലുമെടുത്ത നിലപാടുകളുമൊക്കെ ഒരു വിഭാഗം വ്യാപക വിമര്‍ശനത്തിന് ആയുധമാക്കുകയായിരുന്നു. എന്നാല്‍ ഒരു സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ മേഖലയിലുള്ള പില്‍ക്കാല പ്രവര്‍ത്തനത്തിലൂടെ പൃഥ്വിരാജ് വിമര്‍ശകരുടെ വായടപ്പിച്ചു. ഇപ്പോള്‍ പൃഥ്വിരാജിന്റെ സിനിമകള്‍ക്കും അദ്ദേഹമെത്തുന്ന വേദികള്‍ക്കും മിനിമം കൈയടികളുടെ ഗ്യാരന്റിയുണ്ട്. എന്നാല്‍ തനിക്കെതിരായ അക്രമം രൂക്ഷമായിരുന്ന കാലത്ത് റിലീസ് ചെയ്ത ഒരു സിനിമയുടെ അനുഭവം പറയുകയാണ് പൃഥ്വി. രഞ്ജിത്തിന്റെ സംവിധാനത്തില്‍ 2011ല്‍ തീയേറ്ററുകളിലെത്തിയ 'ഇന്ത്യന്‍ റുപ്പി'യെക്കുറിച്ചാണ് പൃഥ്വിരാജ് പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി കഠിനകാലത്തെ ഓര്‍മ്മ പങ്കുവെക്കുന്നത്.

 

തനിക്ക് ഏറ്റവും ആശ്വാസം പകര്‍ന്ന ചിത്രമായിരുന്നു ഇന്ത്യന്‍ റുപ്പിയെന്ന് പറയുന്നു പൃഥ്വിരാജ്. റിലീസിംഗ് സമയത്ത് പല തീയേറ്ററുകളിലും കൂവല്‍ നേരിട്ട ചിത്രം സൂപ്പര്‍ഹിറ്റായതിനെക്കുറിച്ചും പറയുന്നു അദ്ദേഹം. 'എനിക്കെതിരായ സൈബര്‍ ആക്രമണം അതിന്റെ മൂര്‍ധന്യതയില്‍ നില്‍ക്കുന്ന സമയത്താണ് ഇന്ത്യന്‍ റുപ്പി ഇറങ്ങുന്നത്. എന്റെ മുഖം സ്‌ക്രീനില്‍ തെളിയുന്ന സമയത്ത് പല തീയേറ്ററുകളിലും കൂവലാണെന്ന് പല ഫോണ്‍കോളുകളും ആ ദിവസങ്ങളില്‍ എനിക്ക് ലഭിച്ചു. അവര്‍ എന്നെ വെറുക്കുന്നുവെന്നും കൂവലിലൂടെ അത് പ്രകടിപ്പിക്കുന്നതാണെന്നും എനിക്ക് മനസിലായി. പക്ഷേ ആ സിനിമ സൂപ്പര്‍ഹിറ്റായി മാറി. പ്രേക്ഷകര്‍ എന്നെ സ്‌നേഹിക്കേണ്ടെന്നും എന്റെ സിനിമകളെ ഇഷ്ടപ്പെട്ടാല്‍ മതിയെന്നും അപ്പോള്‍ എനിക്ക് തോന്നി. പ്രതിച്ഛായയില്‍ ശ്രദ്ധിക്കേണ്ടതില്ലെന്നും സിനിമയില്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും എനിക്ക് മനസിലായി. കരിയറിന്റെ ആ ഘട്ടത്തിന് ശേഷം അതുതന്നെയാണ് ഞാന്‍ ചെയ്തിട്ടുള്ളതും', പൃഥ്വിരാജ് പറഞ്ഞവസാനിപ്പിക്കുന്നു.

അതേസമയം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന 'ഡ്രൈവിംഗ് ലൈസന്‍സ്' ആണ് പൃഥ്വിരാജിന്റെ പുതിയ ചിത്രം. സിനിമയിലെ സൂപ്പര്‍താരം ഹരീന്ദ്രന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് സ്‌ക്രീനിലെത്തുന്നത്. അദ്ദേഹത്തിന്റെ ആരാധകനും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമാണ് സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രം. പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. സച്ചിയാണ് തിരക്കഥ.