മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലറാണ് 'ദായ്റ'. കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ആകാംഷയുണർത്തുന്ന പുതിയ പോസ്റ്റർ പുറത്തിറങ്ങി.

റെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മേഘ്ന ഗുൽസാറിന്റെ ക്രൈം ത്രില്ലർ ദായ്റയുടെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ കഥാപരിസരത്തെക്കുറിച്ച് കൂടുതൽ സൂചനകൾ നൽകുന്നതാണ് പുതിയ പോസ്റ്റർ. ഓഗസ്റ്റ് 31ന് ട്രെയിലർ പുറത്തിറങ്ങാനിരിക്കെ, ഇരുവരുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധമെന്താണെന്ന ചോദ്യമുയർത്തുന്നതിനൊപ്പം കഥയെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.

പോലീസ് ടേപ്പിന്റെ നിരവധി പാളികൾക്കിടയിൽ പരസ്പരം പുറംതിരിഞ്ഞ് നിൽക്കുന്ന കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനുമാണ് പോസ്റ്ററിലുള്ളത്. പശ്ചാത്തലത്തിൽ അവ്യക്തമായ ഒരു മുഖവും കാണാം. ആദ്യ കാഴ്ചയിൽ തന്നെ കൗതുകമുണർത്തുന്ന ഈ ദൃശ്യം, രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകളിലേക്കാണ് വിരൽചൂണ്ടുന്നത്. ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്നതെന്താണ്? ആ ടേപ്പുകൾക്കുള്ളിൽ എന്താണ് ഒളിഞ്ഞിരിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് പോസ്റ്റർ പ്രേക്ഷകരിൽ ഉയർത്തുന്നത്.

കാണാനാകുന്നതും മറച്ചുവെച്ചിരിക്കുന്നതും തമ്മിൽ വ്യക്തമായൊരു വിഭജനം സൃഷ്ടിക്കുന്നതാണ് പോസ്റ്റർ. ഉത്തരങ്ങൾ ഇപ്പോഴും അണിയറപ്രവർത്തകർ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ട്രെയിലർ റിലീസിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ, ‘ദായ്റ’യെക്കുറിച്ചുള്ള ആകാംക്ഷ കൂടുതൽ ശക്തമാകുകയാണ്.

ജംഗ്ലീ പിക്ചേഴ്സും പെൻസ്റ്റുഡിയോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദായ്റ’. ‘തൽവാർ’, ‘റാസി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജംഗിൾ പിക്ചേഴ്സും സംവിധായിക മേഘ്ന ഗുൽസാറും മൂന്നാം തവണ ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും ആദ്യമായി ഒരുമിച്ച് സ്‌ക്രീനിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘ദായ്റ’ ഒരുക്കിയിരിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ സംവിധായിക മേഘ്ന ഗുൽസാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യഷ് കേസ്വാനി, സീമ അഗർവാൾ, മേഘ്ന ഗുൽസാർ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഥയിലെ ഓരോ കണ്ണിയും പതിയെ ചേരുമ്പോൾ, സത്യം, നീതി, ഉത്തരവാദിത്തം എന്നിവ പരസ്പരം ഏറ്റുമുട്ടുന്ന ഒരു ത്രില്ലിംഗ് കഥയാണ് ‘ദായ്റ’ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. പെൻ മറുധർ ആണ് ചിത്രം വിതരണം ചെയ്യുന്നത്. ‘ദായ്റ’ 2026 സെപ്റ്റംബർ 18ന് തിയേറ്ററുകളിൽ എത്തും. പി.ആർ.ഒ- സതീഷ് എരിയാളത്ത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming