'ബ്രോ ഡാഡി'യില്‍ പൃഥ്വിരാജിന്‍റെ അമ്മൂമ്മയുടെ വേഷത്തിലായിരുന്നു മല്ലികയെങ്കില്‍ 'ഗോള്‍ഡി'ല്‍ ഇരുവരും അമ്മയും മകനും തന്നെയാണ്

അമ്മ മല്ലിക സുകുമാരനെ (Mallika Sukumaran) ക്യാമറയ്ക്കു മുന്നില്‍ നിര്‍ത്തി ആക്ഷനും കട്ടും പറയുന്നതിന്‍റെ സന്തോഷം പൃഥ്വിരാജ് (Prithviraj Sukumaran) അടുത്തിടെ പങ്കുവച്ചിരുന്നു. 'ലൂസിഫറി'നു (Lucifer) ശേഷം താന്‍ സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യിലാണ് (Bro Daddy) ഈ അവസരം പൃഥ്വിക്ക് ലഭിച്ചത്. ചിത്രത്തില്‍ അഭിനയിക്കുക കൂടി ചെയ്യുന്ന പൃഥ്വിരാജിന്‍റെ അമ്മൂമ്മയുടെ റോളിലായിരുന്നു മല്ലിക സുകുമാരന്‍. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന മറ്റൊരു ചിത്രത്തിന്‍റെ ലൊക്കേഷന്‍ സ്റ്റില്ലും പുറത്തെത്തിയിരിക്കുകയാണ്.

പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ (Alphonse Puthren) സംവിധാനം ചെയ്യുന്ന 'ഗോള്‍ഡി'ന്‍റെ (Gold Movie) ഒരു ലൊക്കേഷന്‍ സ്റ്റില്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. 'ബ്രോ ഡാഡി'യില്‍ പൃഥ്വിരാജിന്‍റെ അമ്മൂമ്മയുടെ വേഷത്തിലായിരുന്നു മല്ലികയെങ്കില്‍ 'ഗോള്‍ഡി'ല്‍ ഇരുവരും അമ്മയും മകനും തന്നെയാണ്. കഥാപാത്രങ്ങളുടെ ഗെറ്റപ്പുകളിലുള്ള പൃഥ്വിരാജും മല്ലിക സുകുമാരനും ഒപ്പം സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനും ലൊക്കേഷന്‍ ചിത്രത്തിലുണ്ട്. 

View post on Instagram

ഫഹദ് ഫാസില്‍ നായകനാവുന്ന 'പാട്ട്' ആണ് അല്‍ഫോന്‍സ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും ആദ്യം ചിത്രീകരണമാരംഭിച്ചത് ഗോള്‍ഡ് ആണ്. നയന്‍താരയാണ് ചിത്രത്തില്‍ നായികയാവുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. 2015ല്‍ പുറത്തെത്തിയ 'പ്രേമ'ത്തിനുശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. സെപ്റ്റംബര്‍ 8നാണ് ചിത്രീകരണം ആരംഭിച്ചത്.