കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബ്രദേഴ്‌സ് ഡേ'യുടെ ചിത്രീകരണം പൂര്‍ത്തിയായി. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തില്‍ നാല് നായികമാരാണ് ഉള്ളത്. ഐശ്വര്യലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഹൈമ എന്നിവര്‍. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലാല്‍, ധര്‍മജന്‍ ബോല്‍ഗാട്ടി തുടങ്ങിയവരും പ്രധാന റോളുകളില്‍ എത്തുന്നു. കോമഡിയും ആക്ഷനും റൊമാന്‍സും ചേര്‍ന്ന കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചന.

അതേസമയം 'ബ്രദേഴ്‌സ് ഡേ'യ്ക്ക് ശേഷം പൃഥ്വിക്ക് പൂര്‍ത്തിയാക്കാനുള്ളത് ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന 'ഡ്രൈവിംഗ് ലൈസന്‍സ്' ആണ്. 'ഹണി ബീ 2'ന് ശേഷം ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥ്വിരാജ് തന്നെയാണ് നിര്‍മ്മാണം. '9' എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രവുമാണ് 'ഡ്രൈവിംഗ് ലൈസന്‍സ്'.

കാര്‍ ക്രേസ് ഉള്ള സൂപ്പര്‍താരമാണ് ചിത്രത്തിലെ പൃഥ്വിരാജിന്റെ നായകന്‍ എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. സച്ചിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.