മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഉടൻ സംവിധാനം ചെയ്യുന്ന കോമഡി സിനിമ പ്രഖ്യാപിച്ചു.

ലൂസിഫറാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം. മോഹൻലാലാണ് സിനിമയിലെ നായകൻ എന്നതും വലിയ ആകര്‍ഷണമായിരുന്നു. ലൂസിഫര്‍ വൻ ഹിറ്റായി മാറുകയും ചെയ്‍തു. ഇപ്പോഴിതാ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് മുന്നേ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയും പ്രഖ്യാപിച്ചിരിക്കുന്നു.

ബ്രോ ഡാഡി എന്നാണ് സിനിമയുടെ പേര്. മോഹൻലാലിനൊപ്പം പൃഥ്വിരാജ് മുഴുനീള കഥാപാത്രമായി അഭിനയിക്കുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്. കല്യാണി പ്രിയദര്‍ശൻ, മീന എന്നിവരാണ് സിനിമയിലെ നായികമാര്‍. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. 

ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍.

എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇത്. ചിത്രീകരണം ഉടൻ തുടങ്ങുമെന്നും പൃഥ്വിരാജ് അറിയിച്ചു.