Asianet News MalayalamAsianet News Malayalam

നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതം തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയാകും; പൃഥ്വിരാജ്

നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുമെന്ന് പ‍ൃഥ്വിരാജ് ചോദിക്കുന്നു. 

prithviraj facebook post about Lakshadweep issue
Author
Kochi, First Published May 24, 2021, 11:43 AM IST

ക്ഷദ്വീപിലെ പുതിയ നിയമപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള, അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികൾക്കെതിരെയാണ് ദ്വീപ് നിവാസികളുടെ പ്രതിഷേധം. സമൂഹമാധ്യമങ്ങളിൽ സേവ് ലക്ഷദ്വീപ് എന്ന ക്യാംപെയിൻ സജീവ ചർച്ചയാവുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുമെന്ന് പ‍ൃഥ്വിരാജ് ചോദിക്കുന്നു. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദ്വീപില്‍ നിന്ന് തനിക്ക് അറിയുന്നതും അറിയാത്തതുമായ വ്യക്തികള്‍ വിളിക്കുന്നു. അവിടെ നടക്കുന്ന കാര്യങ്ങളില്‍ പൊതുജന ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുന്നത് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്‌കാരങ്ങളില്‍ സന്തോഷിക്കുന്നില്ല. ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പൃഥ്വിരാജ് കുറിക്കുന്നു.

പൃഥ്വിരാജിന്റെ വാക്കുകള്‍

ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ലക്ഷദ്വീപിലേക്ക് പോകുന്നത്. വർഷങ്ങൾക്ക് ശേഷം, സച്ചിയുടെ അനാര്‍ക്കലിക്ക് വേണ്ടി ഞാന്‍ വീണ്ടും ലക്ഷദ്വീപിലെത്തി. രണ്ട് മാസം കവരത്തിയിൽ ചെലവഴിച്ചു. ഒപ്പം ജീവിതകാലം മുഴുവനും സൂക്ഷിക്കാനുള്ള ഓർമ്മകളും സുഹൃത്തുക്കളും ഉണ്ടായി. രണ്ട് വര്‍ഷം മുമ്പ് വീണ്ടും ഞാന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സീക്വന്‍സെടുക്കുന്നതിന് ലക്ഷദ്വീപിലെത്തി. ലക്ഷദ്വീപിലെ സ്‌നേഹമുള്ള ആളുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇവയൊന്നും സാധ്യമാകുമായിരുന്നില്ല.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദ്വീപിൽ നിന്നും എനിക്ക് അറിയാവുന്നതും അറിയാത്തതുമായ ആളുകളില്‍ നിന്ന് നിരാശാജനകമായ സന്ദേശങ്ങള്‍ ലഭിക്കുകയാണ്. അവിടെ നടക്കുന്ന കാര്യങ്ങളില്‍ പൊതുജന ശ്രദ്ധ ആകര്‍ഷിക്കാന്‍ എനിക്ക് കഴിയുന്നത് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 

എന്തുകൊണ്ട് ദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ ”പരിഷ്‌കാരങ്ങള്‍” തികച്ചും വിചിത്രമാണെന്നതിനെ കുറിച്ച് ഞാന്‍ ലേഖനമൊന്നും എഴുതാന്‍ പോകുന്നില്ല. അതേകുറിച്ച് വായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനുകളിൽ ലേഖനങ്ങള്‍ ലഭ്യമാണ്. എനിക്കറിയാവുന്ന ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്‌കാരങ്ങളില്‍ സന്തോഷിക്കുന്നില്ല എന്നാണ് എനിക്ക് മനസിലായത്. 

ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരിക്കലും ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്ര പ്രദേശത്തെയോ സൃഷ്ടിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിര്‍ത്തിയല്ല. മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുന്നു?

നമ്മുടെ സിസ്റ്റത്തിൽ എനിക്ക് വിശ്വാസമുണ്ട്. നമ്മുടെ ജനങ്ങളില്‍ അതിനെക്കാൾ വിശ്വാസമുണ്ട്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരു അതോറിറ്റിയുടെ തീരുമാനങ്ങളില്‍ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോള്‍ അവര്‍ അത് ലോകത്തിന്റെയും അവരുടെ സർക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് ഞാന്‍ കരുതുന്നു. അതിന് വേണ്ടി പ്രവര്‍ത്തിക്കുക.

അതിനാല്‍, ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കില്‍, ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം ശ്രദ്ധിക്കുക. അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയാന്‍ അവരെ വിശ്വസിക്കുക. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് ലക്ഷദ്വീപ്. അതിലും മനോഹരമായ ആളുകള്‍ അവിടെ താമസിക്കുകയും ചെയ്യുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios