തന്‍റെ ആരാധകരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. അവരുടെ പിറന്നാളോ വിവാഹമോ പോലെയുള്ള അവസരങ്ങളില്‍ പലപ്പോഴും ഫോണില്‍ ആശംസകള്‍ നേരാറുണ്ടെന്ന് പൃഥ്വി മുന്‍പ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്നോടുള്ള ആരാധനയാല്‍ മകന് പൃഥ്വി എന്ന് പേരിട്ട ആരാധകന്‍റെ ആവശ്യത്തോട് പോസിറ്റീവ് ആയി പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം.

സുഹൈല്‍ എന്ന ആരാധകനാണ് തന്‍റെ മകന്‍റെ ഒന്നാം പിറന്നാളിന് ആശംസകള്‍ നേരുമോ എന്ന ചോദ്യവുമായി ട്വിറ്ററിലൂടെ പൃഥ്വിരാജിനെ സമീപിച്ചത്. പൃഥ്വി എന്നാണ് മകന്‍റെ പേരെന്നും പൃഥ്വിരാജിനോടുള്ള ഇഷ്ടം കൊണ്ടാണ് അങ്ങനെ പേരിട്ടതെന്നും സുഹൈല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. "രാജുവേട്ടാ എന്‍റെ മോൻ പൃഥ്വിയുടെ 1st birthday ആണ് ഇന്ന്. ഏട്ടന്‍റെ കയ്യിൽ നിന്ന് ഒരു wish കിട്ടിയാൽ എനിക്കും എന്‍റെ കുടുംബത്തിനും വളരെയധികം സന്തോഷം ഉണ്ടാകും. ഏട്ടനോടുള്ള ഇഷ്ടം ഒന്നുകൊണ്ട് മാത്രമാണ് ഞാൻ എന്‍റെ മകന് പൃഥ്വി എന്ന പേര് നൽകിയത്", പൃഥ്വിരാജിന്‍റെ ഒഫിഷ്യല്‍ അക്കൗണ്ടും പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷനായ Poffactio യുടെ അക്കൗണ്ടും ടാഗ് ചെയ്തുകൊണ്ടായിരുന്നു അഭ്യര്‍ഥന.

ഇതിനോടുള്ള പൃഥ്വിരാജിന്‍റെ പ്രതികരണം ഏറെ വൈകാതെ അദ്ദേഹത്തിന്‍റെ ഒഫിഷ്യല്‍ അക്കൗണ്ടിലൂടെ വന്നു. "പിറന്നാളാശംസകള്‍ പൃഥ്വി! അച്ഛനമ്മമാര്‍ക്ക് അഭിമാനമാകുംവിധം നീ വളരട്ടെ", പൃഥ്വിരാജ് ട്വിറ്ററില്‍ കുറിച്ചു.