ഈ മാസം 25 നാണ് റിലീസ്
സംവിധായകനും നടനായും എത്തിയ എമ്പുരാന് ശേഷം പൃഥ്വിരാജിനെ ഇനി പ്രേക്ഷകര്‍ കാണുന്നത് ഒരു ഹിന്ദി ചിത്രത്തിലെ പ്രധാന കഥാപാത്രമായാണ്. കയോസ് ഇറാനി സംവിധാനം ചെയ്ത സര്‍സമീന്‍ എന്ന ചിത്രമാണ് അത്. എന്നാല്‍ തിയറ്റര്‍ റിലീസ് അല്ല, മറിച്ച് ഡയറക്റ്റ് ഒടിടി റിലീസ് ആണ് ഈ ചിത്രം. ജിയോ ഹോട്ട്സ്റ്റാറിലൂടെ 25 നാണ് സര്‍സമീന്‍ സ്ട്രീമിംഗ് ആരംഭിക്കുക. ഹിന്ദിക്കൊപ്പം മലയാളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളിലും ചിത്രം കാണാനാവും. ഇപ്പോഴിതാ സ്ട്രീമിംഗിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചിത്രം കാണാന്‍ മലയാളി സിനിമാപ്രേമികളെ ക്ഷണിച്ചുകൊണ്ടുള്ള പൃഥ്വിരാജിന്‍റെ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ജിയോ ഹോട്ട്സ്റ്റാര്‍.
“നമസ്കാരം, സര്‍സമീന്‍ എന്ന എന്‍റെ ഹിന്ദി സിനിമ ജൂലൈ 25-ാം തീയതി ജിയോ ഹോട്ട്സ്റ്റാറില്‍ വരുന്നു. ഞാന്‍ മാത്രമല്ല, കജോള്‍, ഇബ്രാഹിം അലി ഖാന്‍ തുടങ്ങിയ ഒരു വലിയ താരനിര ഈ സിനിമയിലുണ്ട്. ഇത് വൈകാരികവും തീവ്രവും ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞതുമാണ്. സത്യസന്ധമായി പറഞ്ഞാല്‍ ഈ സിനിമ നിങ്ങള്‍ക്ക് ഇഷ്ടപ്പെടും. നമ്മളല്ലേ, നല്ല സിനിമകള്‍ ഏത് ഭാഷയിലായാലും നമ്മള്‍ കാണുമല്ലോ. വരുമ്പോള്‍ കാണുക”, വീഡിയോയില്‍ പൃഥ്വിരാജ് പറയുന്നു.
സൈനികോദ്യോഗസ്ഥനാണ് ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ കഥാപാത്രം. അച്ഛന്‍- മകന്‍ സംഘര്‍ഷം പ്രമേയമാക്കുന്ന ചിത്രത്തില്‍ സൈനികോദ്യോഗസ്ഥനായ അച്ഛന്‍റെ വഴി വിട്ട് തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുകയാണ് മകന്‍. ഇത് ആ കുടുംബത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളും അതിനെ അവര്‍ എങ്ങനെ നേരിടുന്നു എന്നതുമാണ് ചിത്രം പറയുന്നത്. സെയ്ഫ് അലി ഖാന്‍റെ മകന്‍ ഇബ്രാഹിം അലി ഖാന്‍ ആണ് ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ മകന്‍റെ റോളില്‍ എത്തുന്നത്. കജോള്‍ ആണ് ഭാര്യയുടെ വേഷത്തില്‍ എത്തുന്നത്.
മികച്ച പ്രതികരണങ്ങളാണ് സിനിമാപ്രേമികളില്‍ നിന്ന് നേരത്തെ പുറത്തെത്തിയ ട്രെയ്‍ലറിന് ലഭിച്ചത്. നെറ്റ്ഫ്ലിക്സ് ഒറിജിനല്‍ ആയിരുന്ന നദാനിയാന്‍ ആയിരുന്നു ഇബ്രാഹിമിന്‍റെ അരങ്ങേറ്റ ചിത്രം. ടീന്‍ റൊമാന്‍റിക് കോമഡി ചിത്രമായിരുന്ന നദാനിയാനില്‍ നിന്ന് തികച്ചും വ്യത്യസ്യസ്തമായ റോളാണ് ഇബ്രാഹിമിന് ഈ ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സൗമില്‍ ശുക്ലയും അരുണ്‍ സിംഗും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

