മമ്മൂട്ടിയുടെ നിർദേശപ്രകാരം ഒരുക്കിയ ചിത്രമാണ് രാക്ഷസ രാജാവെന്ന് സംവിധായകൻ വിനയൻ. ഷൂട്ടിംഗ് ആരംഭിക്കുമ്പോൾ തിരക്കഥ പൂർത്തിയായിരുന്നില്ലെന്നും സംവിധായകന്‍

മമ്മൂട്ടിയെ നായകനാക്കി രണ്ട് സിനിമകളാണ് വിനയന്‍ സംവിധാനം ചെയ്തിട്ടുള്ളത്. ദാദാസാഹിബും രാക്ഷസ രാജാവും. രണ്ടും തിയറ്ററുകളിലും പിന്നീട് ടെലിവിഷനിലും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ചിത്രങ്ങള്‍. ഇപ്പോഴിതാ രാക്ഷസ രാജാവിന്‍റെ കഥ ഉണ്ടായ വഴികളെക്കുറിച്ച് പറയുകയാണ് വിനയന്‍. മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം ആലോചിച്ച് ഉണ്ടാക്കിയ കഥയാണ് ചിത്രത്തിന്‍റേതെന്നും നിര്‍മ്മാതാവ് സര്‍ഗം കബീറും പ്രോജക്റ്റിനായി നേരത്തേ റെഡി ആയിരുന്നെന്നും വിനയന്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് വിനയന്‍റെ പോസ്റ്റ്.

വിനയന്‍റെ കുറിപ്പ്

രാക്ഷസ രാജാവ് എന്ന സിനിമ പെട്ടെന്നുണ്ടായ ഒരു പ്രോജക്ട് ആയിരുന്നു. ദാദാ സാഹിബ് റിലീസ് കഴിയുന്നതിനു മുൻപു തന്നെ കരുമാടിക്കുട്ടൻ എന്ന സിനിമയുടെ വർക്ക് ആരംഭിച്ചിരുന്നു. അതിനിടയിലാണ് മമ്മുക്കയുടെ നിർദ്ദേശം അനുസരിച്ച് പെട്ടെന്നൊരു പുതിയ കഥ ഉണ്ടാക്കിയത്. ഉടനെ സ്റ്റാർട്ടു ചെയ്യാൻ കഥ ഇല്ലല്ലോന്നു പറഞ്ഞപ്പോൾ വിനയൻ ട്രൈ ചെയ്യ്, സബ്ജക്ട് ഉണ്ടായാൽ അടുത്ത മാസം തന്നെ ആരംഭിക്കാം എന്നു മമ്മൂക്ക പറഞ്ഞപ്പോൾ ഞാൻ ത്രില്ലടിച്ചു. സർഗ്ഗം കബീർ അടുത്ത ചിത്രവും നിർമ്മിക്കാൻ റെഡിയായി നിന്നു. കരുമാടിക്കുട്ടന്റെ റീ റെക്കോര്‍ഡിംഗ് കഴിഞ്ഞ് വന്ന് രാത്രി മുഴുവൻ കഥയുണ്ടാക്കാൻ ശ്രമിച്ചു. അന്ന് ആലുവ കൊലക്കേസ് വലിയ ന്യൂസ് ആയിരിക്കുന്ന സമയമാണ്. മൂന്ന് നാല് ദിവസം കൊണ്ട് അതിനെ ബെയ്സ് ചെയ്ത് ഒരു കഥയുണ്ടാക്കി മമ്മൂക്കയോട് പറഞ്ഞു. അന്ന് ചെന്നൈയിലെ വീട്ടിലാണ് അദ്ദേഹം താമസം. സംഗതി കൊള്ളാം പ്രൊസീഡ് ചെയ്തോളൂ എന്ന് മമ്മൂക്ക പറഞ്ഞു. ഷൂട്ട് ആരംഭിച്ചപ്പോൾ തിരക്കഥ തീർന്നിട്ടില്ലാരുന്നു. രാമനാഥൻ IPS എന്ന മമ്മൂക്കയുടെ കഥാപാത്രം അന്ന് കൈയ്യടി നേടിയിരുന്നു.

അതേസമയം കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊലപാതകത്തിന് 25 വർഷം പൂർത്തിയായത് ഇക്കഴിഞ്ഞ ആറാം തീയതിയാണ്. 2001 ജനുവരി ആറിന് ആലുവ സബ് ജയിൽ റോഡിലെ മാഞ്ഞൂരാൻ കുടുംബത്തിലെ ആറ് പേരാണ് കൂട്ടക്കൊലയ്ക്ക് ഇരയായത്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സംഭവങ്ങളിലൊന്നാണിത്. ആലുവയിൽ പ്രവർത്തിച്ചിരുന്ന മാഞ്ഞൂരാൻ ഹാർഡ്‌വെയേഴ്സ് ഉടമ അഗസ്റ്റിൻ (47), ഭാര്യ ബേബി (42), മക്കളായ ജെസ് മോൻ (14), ദിവ്യ (12), അഗസ്റ്റിൻ്റെ സഹോദരി കൊച്ചുറാണി (42), ഇവരുടെ അമ്മ ക്ലാര (74) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുവും ആലുവ നഗരസഭയിലെ താത്കാലിക ഡ്രൈവറായിരുന്ന ‘ബ്ലാക്ക് ബെൽറ്റ് ആന്റപ്പൻ’ എന്നറിയപ്പെട്ടിരുന്ന എം.എ.ആന്റണിയാണ് ആറ് പേരെയും കൊലപ്പെടുത്തിയത്. കേസിൽ സിബിഐ കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചതോടെ, ഇപ്പോൾ പരോൾ നേടി നാട്ടിൽ കഴിയുകയാണ് ആൻ്റണി.

നടുക്കുന്ന ഓർമ്മയ്ക്ക് 25 വർഷം; ആലുവ കൂട്ടക്കൊലക്കേസ് ഇന്നും ദുരൂഹമായി തുടരുന്നു|Aluva Murder Case