പോക്കിരി രാജയ്ക്ക് ശേഷം വൈശാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം. 

തിനഞ്ച് വർഷങ്ങള്‍ക്ക് ശേഷം സംവിധായകൻ വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഖലീഫ സിനിമയ്ക്ക് തുടക്കം. വൈശാഖ് തന്നെയാണ് ഖലീഫയുടെ പൂജ കഴിഞ്ഞ വിവരം അറിയിച്ചിരിക്കുന്നത്. ഓ​ഗസ്റ്റ് 6ന് ആണ് ആദ്യ ഷെഡ്യൂൾ ആരംഭിക്കുക. ലണ്ടനിലാണ് തുടക്കം. മമ്മൂട്ടി പടം പോക്കിരി രാജ ആയിരുന്നു മുന്‍പ് വൈശാഖും പൃഥ്വിരാജും ഒന്നിച്ച ചിത്രം. 

2022ല്‍ പ്രഖ്യാപിച്ച സിനിമയാണ് ഖലീഫ. പിന്നാലെ 2024ല്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം വെളിപ്പെടുത്തി. 'ആമിര്‍ അലി' എന്നാണ് കഥാപാത്ര പേര്. 'പ്രതികാരം സ്വർണ്ണത്തിൽ എഴുതപ്പെടും' എന്നാണ് ഖലീഫയുടെ ടാഗ് ലൈന്‍. ചിത്രം ഒരു ഹൈ വോൾട്ടേജ് മാസ് എന്റർടെയ്‌നർ ആയിരിക്കുമെന്ന് നേരത്തെ വൈശാഖ് ഉറപ്പ് നല്‍കിയിരുന്നു. 

ജിനു വി എബ്രഹാം ആണ് ഖലീഫയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സുരാജ് കുമാർ, സാരി​ഗമ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സത്യൻ സൂര്യൻ ആണ് ഡിഒപി. ജേക്സ് ബിജോയിയുടേതാണ് സം​ഗീതം. ഷാജി നടുവിൽ കലാസംവിധാനവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു.

ടര്‍ബോയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയില്‍ ആക്ഷന്‍, റൊമാന്‍സ്, ഡ്രാമ, ത്രില്‍സ് എല്ലാം കോര്‍ത്തിണക്കിയിട്ടുണ്ട്. യുകെ, യുഎഇ (ദുബൈ), നേപ്പാള്‍, ഇന്ത്യ എന്നിങ്ങനെ നാല് രാജ്യങ്ങളിലാണ് ഷൂട്ടിംഗ്. ഈ നാല് രാജ്യങ്ങളിലാണ് സിനിമയുടെ കഥ നടക്കുന്നതെന്നും വൈശാഖ് പറഞ്ഞിരുന്നു. 

എമ്പുരാന്‍ ആയിരുന്നു പൃഥ്വിരാജിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തില്‍ സംവിധായകന് പുറമെ അഭിനേതാവായും പൃഥ്വിരാജ് തിളങ്ങിയിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ എന്ന ഖ്യാതിയും എമ്പുരാന്‍ സ്വന്തമാക്കിയിരുന്നു. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്