പൃഥ്വിരാജ് സുകുമാരൻ നായകനായ 'വിലായത്ത് ബുദ്ധ' നവംബര്‍ 21ന് തിയറ്ററുകളില്‍ എത്തും. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജയൻ നമ്പ്യാർ ആണ്.
സിനിമാ മേഖലയിൽ ഇപ്പോൾ റീ റിലീസ് ട്രെന്റ് ആണ്. മുൻകാലങ്ങളിൽ റിലീസ് ചെയ്ത് ശ്രദ്ധനേടിയ അല്ലെങ്കിൽ അത്രകണ്ട് വിജയം കൈവരിക്കാത്ത എന്നാൽ ശ്രദ്ധിക്കപ്പെട്ട സിനിമകൾ മലയാളത്തിൽ അടക്കം റിലീസ് ചെയ്തിട്ടുണ്ട്. നിലവിൽ സമ്മർ ഇൻ ബത്ലഹേം എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് മലയാളത്തിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. തതവസരത്തിൽ തനിക്ക് ഏറ്റവും സ്പെഷ്യലായിട്ടുള്ളൊരു സിനിമ റീ റിലീസ് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറയുകയാണ് പൃഥ്വിരാജ് സുകുമാരൻ. വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെ ആയിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.
തന്റെ ഒരു സിനിമ റീ റിലീസ് ചെയ്യണമെന്ന് ആഗ്രഹമുണ്ടോ ? ഉണ്ടെങ്കിൽ അതേത് സിനിമയായിരിക്കും എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന്, 'ഒരുപാട് സിനിമകളുണ്ട്. നമ്മൾ അഭിനയിച്ച സിനിമകളോട് പ്രത്യേകിച്ചൊരു മമത ഉണ്ടായിരിക്കും. എന്നാലും ആ സിനിമ ഉണ്ടായ രീതിയൊക്കെ വച്ച്, എനിക്ക് ഏറെ സ്പെഷ്യലായ സിനിമയാണ്. വർഗ്ഗമാണ് റീ റിലീസ് ചെയ്യാൻ ആഗ്രഹം', എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.
2006ൽ എം. പദ്മകുമാറിന്റെ രചനയിലും സംവിധാനത്തിലും റിലീസ് ചെയ്ത ചിത്രമാണ് വർഗ്ഗം. ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിൽ സോളമൻ ജോസഫ് എന്ന അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് പറഞ്ഞത്. പൃഥ്വിരാജ് സുകുമാരന് ഒപ്പം രേണുക മേനോൻ, വിജയരാഘവൻ, ദേവൻ, ക്യാപ്റ്റൻ രാജു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.
അതേസമയം, വിലായത്ത് ബുദ്ധ നവംബർ 21ന് തിയറ്ററുകളിൽ എത്തും. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജയൻ നമ്പ്യാർ ആണ്. ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക.



