ഹണി റോസ് നായികയാവുന്ന 'റേച്ചൽ' എന്ന ചിത്രത്തിൽ റോഷൻ ബഷീർ പ്രധാന വേഷത്തിലെത്തുന്നു. 'ദൃശ്യ'ത്തിന് ശേഷം താൻ ആഗ്രഹിച്ചപോലൊരു വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ഇതിലെന്ന് റോഷൻ പറയുന്നു.

ദൃശ്യം എന്ന ഒറ്റച്ചിത്രത്തിലൂടെ വലിയൊരു കരിയർ ബ്രേക്ക് ലഭിച്ച നടനാണ് റോഷൻ ബഷീർ. പടത്തിലെ വരുൺ എന്ന കഥാപാത്രത്തിനും ഇന്നും ആരാധകർ ഏറെയാണ്. ദൃശ്യം 3 അണിയറയിൽ ഒരുങ്ങുന്നതിനിടെ പടത്തിൽ ഒരുപക്ഷേ വരുണുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഉണ്ടാകുമോന്ന് അറിയാൻ കാത്തിരിക്കുകയാണ് സിനിമാസ്വാദകർ. മലയാളത്തിന് പുറമെ ഇതര ഭാഷാ സിനിമകളിലും സജീവമായ റോഷന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് റേച്ചൽ. ഹണി റോസ് നായികയായി എത്തുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് പറയുകയാണ് റോഷൻ ഇപ്പോൾ.

"ദൃശ്യത്തിനു ശേഷം ചലഞ്ചിം​ഗ് ആയിട്ടുള്ളൊരു ക്യാരക്ടർ ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു. അതുപോലൊരു റോളാണ് റേച്ചലിലേത്. കാത്തിരിക്കുകയായിരുന്നു. ഡിസംബർ 6ന് സിനിമ റിലീസ് ചെയ്യുകയാണ്. ഒരുപാട് പ്രതീക്ഷയുണ്ട്. എല്ലാവരും കാണണം", എന്നായിരുന്നു റോഷൻ ബഷീറിന്റെ വാക്കുകൾ. റേച്ചൽ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

ക്രിസ്മസ് റിലീസായി ഡിസംബർ 6ന് അഞ്ച് ഭാഷകളിലായാണ് റേച്ചൽ റിലീസ് ചെയ്യുക. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. പോത്തുപാറ ജോയിച്ചന്‍റേയും കുടുംബത്തേയും അയാളുടെ മൂത്ത മകൾ റേച്ചലിന്‍റേയും ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഹണി റോസിനെ കൂടാതെ ബാബുരാജ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു റിവ‌ഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.

View post on Instagram

ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജന്‍ ചിറയിൽ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്‍റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. ദേശീയ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്‍റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട്. ശ്രീ പ്രിയ കമ്പയിൻസിലൂടെ ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റ് ആണ് ചിത്രത്തിന്‍റെ വിതരണം നിർവ്വഹിക്കുന്നത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്