'എലോണ്‍' പാക്കപ്പ് ആയി രണ്ടാംദിവസം 'കടുവ' രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ച് ഷാജി കൈലാസ്

പൃഥ്വിരാജിനെ (Prithviraj) നായകനാക്കി ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്യുന്ന 'കടുവ'യുടെ രണ്ടാം ഷെഡ്യൂള്‍ (Kaduva Second Schedule) ആരംഭിച്ചു. ഏപ്രില്‍ പകുതിയോടെ ചിത്രീകരണം തുടങ്ങിയ ചിത്രം കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രണ്ടാം ആഴ്ച ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. നായക കഥാപാത്രമായ 'കടുവക്കുന്നേല്‍ കുറുവച്ചന്‍റെ' ഗെറ്റപ്പിലുള്ള പൃഥ്വിരാജിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. എന്നാല്‍ കടുവയുടെ ഷെഡ്യൂള്‍ ബ്രേക്കിനിടെ മോഹന്‍ലാലിനെ നായകനാക്കി 'എലോണ്‍' എന്ന ചിത്രം ഷാജി സംവിധാനം ചെയ്‍തു. 18 ദിവസം കൊണ്ടാണ് ഈ ചിത്രം പാക്കപ്പ് ആയത്. ദിവസങ്ങള്‍ക്കുള്ളിലാണ് കടുവയുടെ രണ്ടാം ഷെഡ്യൂളിലേക്ക് അദ്ദേഹം കടന്നിരിക്കുന്നത്. 

 'ആദം ജോണി'ന്‍റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്‍ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. ബോളിവുഡ് താരം വിവേക് ഒബ്റോയ് ഒരു പ്രധാന കഥാപാത്രമായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം.